കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്ക് പിന്തുണയുമായി നടി റിനി ആന്‍ ജോര്‍ജ്. പെണ്‍കുട്ടിയോട് പുറത്തുവരാനും, ഉണ്ടായ വേദനകള്‍ തുറന്നുപറയാനും റിനി ആവശ്യപ്പെട്ടു. കരയേണ്ടതും ഒറ്റപ്പെടേണ്ടതും നീയല്ല, വേട്ടക്കാരനാണ്. വേട്ടപ്പട്ടികള്‍ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ടെന്നും നിനക്ക് ഒപ്പം കേരളത്തിന്റെ മനസാക്ഷിയുണ്ടെന്നും റിനി ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു.
താന്‍ അഭിമുഖത്തിനിടെ പറഞ്ഞ ചില കാര്യങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വിവാദമായതിന് പിന്നാലെയാണ് റിനി ആന്‍ ജോര്‍ജിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.'വേട്ടപ്പട്ടികള്‍ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട. നിനക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി ഉണ്ട്. ഒരു ജനസമൂഹം തന്നെയുണ്ട്. നീ അല്ല കരയേണ്ടത്… നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം. കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരന്‍ ആണ്. നീ പുറത്തു വരൂ… നിനക്കുണ്ടായ വേദനകള്‍ സധൈര്യം പറയു.'- റിനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഒരു അഭിമുഖത്തിലാണ് റിനി കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആരോപണം ഉന്നയിച്ചത്. ഇതേത്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗര്‍ഭഛിദ്ര ആരോപണങ്ങള്‍ അടക്കം പുറത്തുവന്നത്. പിന്നാലെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവി രാജിവച്ചിരുന്നു.
അവളോടാണ്…പ്രിയ സഹോദരി…ഭയപ്പെടേണ്ട…വേട്ടപ്പട്ടികള്‍ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട…നിനക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി ഉണ്ട്…ഒരു ജനസമൂഹം തന്നെയുണ്ട്…നീ അല്ല കരയേണ്ടത്… നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം…കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരന്‍ ആണ്…നീ പുറത്തു വരൂ… നിനക്കുണ്ടായ വേദനകള്‍ സധൈര്യം പറയു…നീ ഇരയല്ല നീ ശക്തിയാണ്… നീ അഗ്‌നിയാണ്…


