കൊച്ചി: കമന്റിലൂടെ ഭർത്താവും സി.പി.എം. നേതാവുമായ ഡോ. പി.സരിനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഡോ. സൗമ്യ സരിൻ. ‘തോറ്റ MLA എവിടെ, സമയത്തിന് ഗുളിക വിഴുങ്ങാൻ പറയണേ’ എന്ന കമന്റ് പങ്കുവെച്ചുകൊണ്ടായിരുന്നു സൗമ്യയുടെ കുറിപ്പ്. തന്റെ ഭർത്താവ് തോറ്റിട്ടുണ്ട്. എന്നാൽ, മാന്യമായി പകൽവെളിച്ചത്തിലാണ് തോറ്റത്. അദ്ദേഹം കാരണം തനിക്ക് എവിടേയും തല കുനിക്കേണ്ടി വന്നിട്ടില്ലെന്നും സൗമ്യ മറുപടിയിൽ കുറിച്ചു.
കമന്റിന് ആദ്യം നൽകിയ മറുപടിയുടെ സ്ക്രീൻഷോട്ടും സൗമ്യ പങ്കുവെച്ചിട്ടുണ്ട്. ‘എൻറെ ഭർത്താവിൻറെ കാര്യം നോക്കാൻ ഞാനുണ്ട്. നിങ്ങൾക്ക് പിന്നെ പുറത്തുനിന്ന് സഹായമൊന്നും വേണ്ടല്ലോ. സ്വന്തമായി ഗൈനക്കോളജിസ്റ്റ് എല്ലാം ഉള്ളവരല്ലേ’, എന്നായിരുന്നു സൗമ്യയുടെ മറുപടി കമന്റ്. ഇതിന് പിന്നാലെയാണ് സൗമ്യ സരിൻ മറ്റൊരു കുറിപ്പുകൂടി പങ്കുവയ്ക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ശരിയാണ്… എന്റെ ഭർത്താവ് തോറ്റിട്ടുണ്ട്. ഒന്നല്ല, രണ്ടു തവണ… രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളിൽ… പക്ഷെ ഒരു വ്യത്യാസമുണ്ട്. തോൽവിയാണെങ്കിലും നല്ല പകൽവെളിച്ചത്തിൽ… മാന്യമായി… തോൽവിയിലും അന്തസ്സ് എന്നൊന്നുണ്ടേ! എല്ലാ ജയത്തിലും ഈ പറഞ്ഞ സാധനം ഉണ്ടാവണമെന്നും ഇല്ല കേട്ടോ… അതുകൊണ്ട് ഈ തോൽവിയിൽ എന്നല്ല, ഒന്നിലും അയാളെ പ്രതി എനിക്ക് തല കുനിക്കേണ്ടി വന്നിട്ടില്ല! ഇനി ഗുളിക… മൂപ്പര് അധികം കഴിക്കാറില്ല… വല്ല പനിയോ ജലദോഷമോ വന്നാൽ, അതും ഞാൻ നിർബന്ധിച്ചു കഴിപ്പിച്ചാൽ, ചിലപ്പോ കഴിക്കും! പക്ഷെ ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും നിർബന്ധിച്ചു കഴിപ്പിച്ചതായി അറിവില്ല! ആർക്കെങ്കിലും അറിവുണ്ടെങ്കിൽ പറയണം! അപ്പൊ സംശയങ്ങൾ ഓക്കെ മാറിയല്ലോ അല്ലേ? വിട്ടു പിടി ചേട്ടാ… സ്വന്തം കാലിലെ മന്ത് മാറ്റിയിട്ടു പോരെ മറ്റവന്റെ കാലിലെ ചൊറി നോക്കാൻ പോകുന്നത്!


