വോട്ടര്‍ പട്ടിക ചോര്‍ന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി; ക്രൈംബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു. ജോയിന്റ് ചീഫ് ഇലക്ടല്‍ ഓഫീസറാണ് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെ ലാപ്‌ടോപില്‍ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് പരാതിയില്‍ പറയുന്നു. ഐടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഢാലോചന, മോഷണ കുറ്റങ്ങളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസാണ് കേസ് അന്വേഷിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെ ലാപ്‌ടോപിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഈ വോട്ടര്‍ പട്ടിക വിവരങ്ങള്‍ പുറത്തുവന്നതിനെ പിന്നാലെയാണ് ഇരട്ട വോട്ട് വിവാദമുണ്ടായത്. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയാണ് ഇരട്ടവോട്ട് ആരോപണം ഉന്നയിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

സംഭവത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. പട്ടിക ചോരേണ്ട കാര്യമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വോട്ടര്‍പട്ടിക വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും ചോര്‍ത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒളിച്ചുകളിനടത്തുകയാണ്. 4.5 ലക്ഷം ഇരട്ട വോട്ടര്‍മാരുടെ പട്ടിക താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതാണ്. എന്നാല്‍ 35000 ഇരട്ടവോട്ടര്‍മാരെ ഉള്ളുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. താന്‍ തെളിവ് സഹിതമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

വിഷയം കോടതിയുടെ ശ്രദ്ധയിലും കൊണ്ടുവന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കോടതി വോട്ടെടുപ്പിന് നിബന്ധനകള്‍ വച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ വോട്ടര്‍ പട്ടിക ഒരു അബദ്ധ പഞ്ചാംഗമാണ്. പട്ടികയിലെ ഇരട്ടിപ്പുകള്‍ കണ്ടെത്തി ശുദ്ധീകരിക്കുകയാണ് വേണ്ടത്. വ്യാജന്മാരെ ചേര്‍ത്തവര്‍ക്കെതിരെയാണ് കേസെടുക്കേണ്ടത്. അന്വേഷണത്തെ സ്വാഗാതം ചെയ്യുന്നു. എന്നാല്‍ ഈ അന്വേഷണം കൊണ്ട് എന്ത് പ്രയോജനമാണ് എന്ന് അറിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News