കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ (Dileep) ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സാക്ഷികളെ സ്വാധീനിച്ചതിനും, തെളിവുകൾ നശിപ്പിച്ചതിനും ദിലീപിനെതിരെ തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ ഹർജിയിൽ പറയുന്ന ആരോപണങ്ങൾ തെളിയിക്കാൻ മതിയായ തെളിവുകൾ ഹാജരാകാത്തതിന് പ്രോസിക്യൂഷനെ കോടതി വിമർശിച്ചിരുന്നു. കേസിൽ അധിക കുറ്റപത്രം നൽകാനുള്ള സമയപരിധിയും ഇന്നവസാനിക്കും. എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസത്തെ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച് കാര്യം പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.
അധിക കുറ്റപത്രം നൽകാൻ സാവകാശം തേടി ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്.പുതിയ നിർണായക തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം സാവകാശം വേണമെന്നാണ് ഹൈക്കോടതിയെ അറിയിച്ചത്. നേരത്തെ കേസിൽ ഈ മാസം 31 ന് കുറ്റപത്രം നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്
വിചാരണക്കോടതിയ്ക്ക് എതിരെ ഗുരുതരമായ ആക്ഷേപം ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലുണ്ട്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് ചോർന്നുവെന്ന കണ്ടെത്തലിൽ അന്വേഷണം വേണ്ടെന്ന് വച്ചത് കേട്ടുകേൾവി ഇല്ലാത്തതെന്നാന്ന് അന്വേഷണ സംഘത്തിന്‍റെ നിലപാട്.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ കൈവശമുണ്ടെന്നതിന് തെളിവ് ലഭിച്ചെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. അനൂപിന്‍റെ മൊബൈൽ ഫോണുകളുടെ പരിശോധനയിലാണ് തെളിവ് കിട്ടിയതെന്നും ഈ സാഹചര്യത്തിൽ സൈബർ രേഖകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് കൂടുതൽ സമയം വേണമെന്നമുള്ള നിലപാടിലാണ് ക്രൈംബ്രാഞ്ച്.