കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റുവീതംവെപ്പിനെപ്പറ്റി ‘ഇന്ത്യാ’ സഖ്യം ന്യൂഡൽഹിയിൽ ചർച്ചനടത്തുമ്പോൾ പശ്ചിമബംഗാളിൽ വിമതസ്വരവുമായി സി.പി.എം. ഒരു കാരണവശാലും തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്നാണ് പാർട്ടി പറയുന്നത്.
‘‘ഒരുകാലത്തും വിശ്വസിക്കാൻപറ്റാത്ത കക്ഷിയാണ് തൃണമൂൽ. അവരുമായി സഖ്യത്തിനുപോകുന്ന പ്രശ്നമേയില്ല’’ -സി.പി.എം. സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു. പാർട്ടിയുടെ യുവനേതാവ് മീനാക്ഷി മുഖർജി ഒരു പടികൂടിക്കടന്ന് തൃണമൂൽ കൊലയാളിസംഘമാണെന്നും കൂട്ടുകൂടാനാവില്ലെന്നും ആഞ്ഞടിച്ചു. കോൺഗ്രസിന്റെ നിലപാട് എന്താണെന്ന് തങ്ങൾക്കറിയില്ലെന്നും അവർക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാമെന്നും മുഹമ്മദ് സലീം പറഞ്ഞു.
നിലവിലുള്ള പി.സി.സി. അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയടക്കം ചില പ്രമുഖനേതാക്കൾക്ക് തൃണമൂൽ കോൺഗ്രസുമായി ചേർന്നുപോകാൻ താത്‌പര്യമില്ല. എന്നാൽ, ഹൈക്കമാൻഡ് മറിച്ചുതീരുമാനിച്ചാൽ വഴങ്ങുകയല്ലാതെ ഇവർക്കും നിവൃത്തിയില്ല. ‘‘പശ്ചിമബംഗാളിൽ കോൺഗ്രസിനെ തകർത്ത തൃണമൂലുമായി ചേരാനാണ് ദേശീയനേതൃത്വം പറയുന്നതെങ്കിൽ ഞങ്ങൾ ആ നിർദേശം പാലിക്കും’’ -എന്ന നീരസംകലർന്ന പ്രതികരണമാണ് മുതിർന്ന കോൺഗ്രസ് നേതാവ് അബ്ദുൾ മന്നാൻ നടത്തിയത്. കഴിഞ്ഞ 12 വർഷത്തിനിടെ 70 എം.എൽ.എ.മാരെയും ഒരു എം.പി.യെയും കോൺഗ്രസിൽനിന്ന് തൃണമൂൽ കൂറുമാറ്റിച്ചിട്ടുണ്ട്.
കോൺഗ്രസ്-തൃണമൂൽ സഖ്യത്തിന് നേതൃത്വങ്ങൾ തീരുമാനമെടുത്താലും ഇരുപാർട്ടികളുടെയും അണികൾതമ്മിൽ താഴെത്തട്ടിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസം തുടരുമെന്നുറപ്പാണ്. ഇതുമൂലം പരസ്പരം വോട്ടുചെയ്യാൻ സാധ്യത കുറവാണെന്ന് രാഷ്ട്രീയനിരീക്ഷകൻ ബിശ്വനാഥ് ചക്രവർത്തി അഭിപ്രായപ്പെട്ടു.