24.6 C
Kottayam
Tuesday, May 14, 2024

‘നീ ചരിക്കുന്ന സ്‌റ്റേറ്റ് കാറിന്റെ ടയറിന്റെ പേരാണ് ഒമനക്കുട്ടന്‍…’ മന്ത്രി ജി. സുധാകരന്റെ വിമര്‍ശിച്ചുകൊണ്ടുള്ള ലോക്കല്‍ സെക്രട്ടറിയുടെ കവിത വിവാദമാകുന്നു

Must read

ആലപ്പുഴ: മന്ത്രി ജി സുധാകരനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് സിപിഎം ലോക്കല്‍ സെക്രട്ടറി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവിത പാര്‍ട്ടിക്കുള്ളിലും പുറത്തും ചര്‍ച്ചയാകുന്നു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവിന്റെ പേരില്‍ ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെ മന്ത്രി സുധാകരന്‍ നേരത്തെ രംഗത്തുവന്നിരുന്നു. ഇതിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കൊക്കോതമംഗലം ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജി പണിക്കര്‍ ഫേസ്ബുക്കില്‍ കവിത പോസ്റ്റ് ചെയ്തത്. ‘ദുരിതാശ്വാസ ക്യാമ്പിലെ കഴുത’ എന്ന തലക്കെട്ടിലാണ് കവിത.

‘നീ ചരിക്കുന്ന സ്റ്റേറ്റ് കാറിന്റെ ടയറിന്റെ പേരാണ് ഓമനക്കുട്ടന്‍… നീ ഇരിക്കുന്ന കൊമ്പന്റെ തൂണുപോലുള്ള നാലുകാലിന്റെ പേരാണ് ഓമനക്കുട്ടന്‍… നീ മൊഴിയുന്ന പൊട്ടത്തരങ്ങളില്‍…കവിത കണ്ടെത്തി സായൂജ്യമടയുന്നോന്‍…ജീവിതം കൊണ്ട് കവിത രചിച്ചോന്‍…റോയല്‍റ്റി വാങ്ങാത്തോന്‍…ആരാണു നീ ഒബാമ…ഇവനെ വിധിപ്പാന്‍.. സന്നിധാനത്തെ കഴുതയെപ്പോല്‍ ഒത്തിരിപ്പേര് ചുമടെടുക്കുന്ന കൊണ്ടേ ആനപ്പുറത്തുനീ തിടമ്പുമായി ഇരിക്കുന്നു…’ എന്നിങ്ങനെ പോകുന്നു കവിത.

ശനിയാഴ്ച രാത്രിയാണ് കവിത ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ 10 മിനുട്ടിനകം കവിത പിന്‍വലിക്കുകയും ചെയ്തു. കവിത ഒരു നേതാവിനെയും ലക്ഷ്യമിട്ടുള്ളതല്ലെന്നും, കേസെടുത്ത ഉദ്യോഗസ്ഥ-ഭരണസംവിധാനങ്ങളെയാണ് ഉദ്ദേശിച്ചതെന്നും പ്രവീണ്‍ പറഞ്ഞു. തെറ്റിദ്ധരിക്കപ്പെട്ടതായി തോന്നിയതിനാലാണ് കവിത പിന്‍വലിച്ചതെന്നും സിപിഎം നേതാവ് വ്യക്തമാക്കി.

നേരത്തെ ‘സന്നിധാനത്തിലെ കഴുത’ എന്ന പേരില്‍ മന്ത്രി ജി സുധാകരന്‍ കവിതയെഴുതിയിരുന്നു. ഇതിലെ വരികളോട് സാമ്യമുള്ളതാണ് പ്രവീണിന്റെ കവിതയിലെ വരികളും. ‘ആരാണ് നീ ഒബാമ ഇവനെ വിധിപ്പാന്‍ ?’ എന്നിങ്ങനെ സുധാകരന്റെ കവിതകളെ ഓര്‍മ്മിപ്പിക്കുന്ന വരികളും ഇടംപിടിച്ചിട്ടുണ്ട്. വിവാദമായതോടെ, കവിതയുടെ സ്‌ക്രീന്‍ഷോട്ട് എടുത്ത് ചിലര്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.

അതിനിടെ മന്ത്രിക്കെതിരെ കവിതയെഴുതി ലോക്കല്‍ സെക്രട്ടറി പ്രവീണിനെതിരെ മറ്റൊരു കേസില്‍ ലോക്കല്‍ പോലീസ് കേസെടുത്തു. ചേര്‍ത്തലയിലെ കയര്‍ സൊസൈറ്റിയില്‍ അതിക്രമിച്ചുകയറി വനിതയായ സെക്രട്ടറിയോട് മോശമായി പെരുമാറി എന്നാണ് കേസ്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ പാര്‍ട്ടി പ്രവീണിനെതിരെ നടപടി എടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week