കണ്ണൂര്‍: കണ്ണൂരെന്ന സിപിഎമ്മിന്റെ ചെങ്കോട്ടയിൽ ഇടതുകോട്ടകൾ തരിപ്പണമായി. ചരിത്രത്തിൽ ഇല്ലവാത്തവിധം പാർട്ടി തകർന്നടിഞ്ഞു. പയ്യന്നൂരും തളിപ്പറമ്പുമടക്കം ഏതു കൊടുങ്കാറ്റിലും ഉരുക്കുകോട്ടയായി നിലനിൽക്കുമെന്ന് സിപിഎം ഉറച്ചുവിശ്വസിച്ചയിടങ്ങളിലാണ് ഈ കനത്ത തോൽവി. നാളിതുവരെ കണ്ണൂരിന്റെ മണ്ണിൽ ഇടതുപക്ഷം ഇതുപോലൊരു തോൽവി നേരിട്ടിട്ടില്ല. രാജ്യത്തെ തന്നെ ഏറ്റവും കരുത്തുറ്റ സംഘടനാസംവിധാനമുള്ള ജില്ലയിലാണ് ഈ പ്രഹരമെന്നതാണ് സിപിഎമ്മിനെ ഏറ്റവുമധികം ഞെട്ടിക്കുന്നത്. അത് വരും നാളുകളിൽ ജില്ലയിലെ മാത്രമല്ല, സംസ്ഥാനത്തെ തന്നെ നേതൃത്വത്തെ പിടിച്ചുകുലുക്കുമെന്നുറപ്പ്.
വോട്ടെണ്ണി തുടങ്ങിയപ്പോൾ തന്നെ ചെങ്കോട്ടയിലെ പതനത്തിന്റെ സൂചനകൾ പുറത്തുവന്നതാണ്. ധർമ്മടത്ത് പിണറായി വിജയൻ പിന്നിലായത് വ്യക്തമായ സൂചനയായിരുന്നു. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ, ആദ്യ റൗണ്ടുകളിൽ സാധാരണയായി സിപിഎമ്മിന് കിട്ടാറുള്ള ഭൂരിപക്ഷത്തിൽ വൻ ഇടിവുവരികയും ചെയ്തു. അപ്പോൾ തന്നെ വരാനിരിക്കുന്നത് വലിയ തകർച്ചയാണെന്ന ആശങ്ക ഇടതുക്യാമ്പുകളിൽ ഉയർന്നിരുന്നു. ഫലം പുരോഗമിച്ചപ്പോൾ ഇടതുകോട്ടകൾ ആടിയുലഞ്ഞു. പയ്യന്നൂരും തളിപ്പറമ്പും വിമതർ പിടിച്ചെടുക്കുകയും ചെയ്തു. ജില്ലയിലെ 11 മണ്ഡലങ്ങളിൽ ആറിടങ്ങളിൽ എൽഡിഎഫും അഞ്ചിടത്ത് യുഡിഎഫും വിജയിച്ചു.
കല്ല്യാശ്ശേരി, തലശ്ശേരി, ധർമ്മടം, മട്ടന്നൂർ, കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലങ്ങളിൽ എൽഡിഫ് വിജയിച്ചപ്പോൾ പയ്യന്നൂർ. തളിപ്പറമ്പ്, ഇരിക്കൂർ, പേരാവൂർ, കണ്ണൂർ മണ്ഡലങ്ങളിൽ യുഡിഎഫ് വിജയിച്ചു. കഴിഞ്ഞ തവണ ഒൻപത് മണ്ഡലങ്ങളിലാണ് എൽഡിഎഫ് ജയിച്ചിരുന്നത്. യുഡിഎഫ് ജയിച്ചതാകട്ടെ പേരാവൂരും ഇരിക്കൂറും. ഇക്കുറി ആ രണ്ട് മണ്ഡലങ്ങൾ നിലനിർത്തിയതോടൊപ്പം മൂന്ന് മണ്ഡസങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഒരുകാലത്തും തങ്ങളെ കൈവിടില്ലെന്ന് സിപിഎം ഉറച്ചുവിശ്വസിച്ച മണ്ഡലങ്ങളിലെ പരാജയം പാർട്ടിക്കുണ്ടാക്കിയത് വൻ ക്ഷീണമാണ്. മാത്രമല്ല, ജയിച്ച മണ്ഡലങ്ങളിലാകട്ടെ ഭൂരിപക്ഷത്തിൽ വൻ കുറവുണ്ടായി. പാർട്ടിക്കുള്ളിൽ ഇതുണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ലെന്നുറപ്പ്. ഇടതുകോട്ടകളിലെ ഈ തോൽവി രാഷ്ട്രീയമായി വിശദീകരിക്കേണ്ടതായും വരും.
ഭരണവിരുദ്ധ തരംഗം സംസ്ഥാനത്തുണ്ടെന്ന് ആദ്യസൂചനകൾ ലഭിച്ചത് ധർമ്മടത്തുനിന്നു തന്നെയായിരുന്നു. ആദ്യ ആറ് റൗണ്ടുകളിലും പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഏഴാം റൗണ്ടിൽ മാത്രമാണ് മുന്നിലെത്തിയത്. ആദ്യ ആറ് റൗണ്ടുകളും വോട്ടെണ്ണി കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ 647 വോട്ടുകൾക്ക് പിന്നിലായിരുന്നു. സിപിഎമ്മിന്റെ കോട്ടകളിലടക്കം മേധാവിത്തം നേടാൻ യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദിന് സാധിച്ചു. അവസാന റൗണ്ടുകളിലാണ് പിണറായി ലീഡ് വർധിപ്പിച്ച് ജയമുറപ്പിക്കുന്നത്. കഴിഞ്ഞ തവണ അമ്പതിനായിരത്തിൽപ്പരം ഭൂരിപക്ഷം നേടിയ സ്ഥാനത്ത് ഇത്തവണ പത്തൊൻപതിനായിരം മാത്രം. എൽഡിഎഫ് സർക്കാരിനെതിരേയും പിണറായി വിജയനെതിരേയും ശക്തമായ വിരുദ്ധവികാരമുണ്ടെന്ന് അടിവരയിടുന്നതാണിത്.
എന്നാൽ ധർമ്മടത്തെ സ്ഥിതിയായിരുന്നില്ല പയ്യന്നൂരും തളിപ്പറമ്പും. വിമതർ കരുത്തുകാട്ടിയപ്പോൾ കോട്ടയിളകി. എക്കാലവും കൂടെയുണ്ടാകുമെന്ന് കരുതിയ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ വൻ വോട്ടുചോർച്ചയുണ്ടായി. പിന്നാലെ പരാജയവും. പയ്യന്നൂരിൽ സിപിഎം ഞെട്ടിവിറച്ചു. യുഡിഎഫ് തരംഗം ആഞ്ഞുവീശിയ ലോക്സഭാ തിരഞ്ഞെടുപ്പിൽ പോലും പതിനായിരത്തിന് മുകളിൽ എൽഡിഎഫിന് ലീഡ് സമ്മാനിച്ച മണ്ഡലം ഇളകി. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികഷ്ണൻ സിപിഎം സ്ഥാനാർഥി ടി.ഐ. മധുസൂദനനെ പരാജയപ്പെടുത്തി. 7487 വോട്ടുകൾക്കാണ് കുഞ്ഞികൃഷ്ണന്റെ ജയം.
ആദ്യ ഏഴുറൗണ്ടുകൾ വരെ ടി.ഐ മധുസൂദനനാണ് ലീഡെടുത്തതെങ്കിൽ എട്ടാം റൗണ്ട് മുതൽ കുഞ്ഞികൃഷ്ണൻ ലീഡെടുത്തു. അതോടെ ഇടതുക്യാമ്പ് ഞെട്ടി. പിന്നീടങ്ങോട്ട് ഓരോ റൗണ്ട് കഴിയുമ്പോഴും കുഞ്ഞികൃഷ്ണൻ ലീഡ് നിലനിർത്തി. ഒടുവിൽ ചരിത്രജയവും സ്വന്തമാക്കി. വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണമാണ് പയ്യന്നൂരിൽ സിപിഎമ്മിനെ പിടിച്ചുകുലുക്കിയത്. അതേ കുഞ്ഞികൃഷ്ണൻ യുഡിഎഫ് സ്വതന്ത്രനായി കളത്തിലിറങ്ങി പാർട്ടിയെ തോൽപ്പിച്ചതോടെ സിപിഎം നേരിട്ടത് ചരിത്രത്തിലിതുവരെ നേരിടാത്ത തോൽവി. സിപിഎം ടി.ഐ മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനമെടുത്തതോടെയാണ് കുഞ്ഞികൃഷ്ണനും മത്സരിക്കാനിറങ്ങിയത്. ഇത്രയും ആരോപണങ്ങൾക്ക് വിധേയനായ ഒരു വ്യക്തിയെ വീണ്ടും സ്ഥാനാർഥിയായി പയ്യന്നൂരിൽ മത്സരിപ്പിക്കാൻ ഇടതുപക്ഷം സന്നദ്ധമാകില്ല എന്ന വിശ്വാസത്തിലാണ് നേരത്തേ നിലപാട് പറയാതിരുന്നതെന്നും തന്റെ പോരാട്ടം മുന്നോട്ടുകൊണ്ടുപോകാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയല്ലാതെ മറ്റുമാർഗമില്ലെന്നും പറഞ്ഞാണ് കുഞ്ഞികൃഷ്ണൻ മത്സരിക്കുന്നതായി അറിയിച്ചത്.
പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ ആരോപണമുന്നയിച്ചതിന് പിന്നാലെ ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയിരുന്നു. ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലും രക്തസാക്ഷി ധനരാജിന്റെ ഫണ്ടിലും ക്രമക്കേട് നടന്നതായാണ് കുഞ്ഞികൃഷ്ണൻ ആരോപിച്ചത്. പിന്നാലെ അദ്ദേഹം പുസ്തകവും പുറത്തിറക്കി. ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്നാണ് പുസ്തകത്തിനിട്ട പേര്. അണികൾ തിരുത്തിയെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം.
തളിപ്പറമ്പിലും സമാനമായിരുന്നു കാഴ്ച. പി.കെ. ശ്യാമളയെ അവരെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ വിജയിച്ചുകയറി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ. ശ്യാമള തളിപ്പറമ്പ് മണ്ഡലത്തിൽ മത്സരിക്കുന്നതിനെച്ചൊല്ലി പാർട്ടിയിൽ അസ്വസ്ഥതയുണ്ടായിരുന്നു. തളിപ്പറമ്പ് എം.എൽ.എ.യായിരുന്ന എം.വി. ഗോവിന്ദന്റെ പിൻഗാമിയായി ഭാര്യ പി.കെ. ശ്യാമളയെ നിർദേശിച്ചതാണ് പാർട്ടിയിലെ ഒരു വിഭാഗത്തിനുള്ളിൽ എതിർപ്പുയർത്തിയത്. ഇതിന്റെ തുടർച്ചയെന്നോണമാണ് ടി.കെ.ഗോവിന്ദന്റെ പരസ്യപ്രതികരണവും സ്ഥാനാർഥിത്വം പ്രഖ്യാപിക്കലും. അത് പക്ഷേ മണ്ഡലം കൈവിടുന്ന തരത്തിൽ എത്തിക്കുമെന്ന് പാർട്ടി കരുതിയിയതേയില്ല.
ബന്ധുത്വം പരിഗണിച്ചല്ല ശ്യാമളയെ സ്ഥാനാർഥിയാക്കിയതെന്ന് വിശദീകരിച്ചാണ് സിപിഎം വിഷയത്തെ പ്രതിരോധിച്ചത്. ബന്ധുത്വം ഉണ്ടായാലും ഇല്ലെങ്കിലും ഓരോ വ്യക്തിയും പാർട്ടിക്ക് നൽകുന്ന സംഭാവന, പ്രവർത്തനങ്ങൾ, ചുമതലകൾ ഇതെല്ലാം അടിസ്ഥാനപ്പെടുത്തി കൂടിയാണ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നത്. അങ്ങനെയാണ് പി.കെ. ശ്യാമളയും സ്ഥാനാർഥിയായതെന്നാണ് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വിശദീകരിച്ചത്. പക്ഷേ, അതൊന്നും പാർട്ടി അണികൾ പോലും ചെവിക്കൊണ്ടില്ലെന്നുവേണം മനസിലാക്കാൻ. 1970ന് ശേഷം ഇതാദ്യമായി മണ്ഡലത്തിൽ സിപിഎം തോറ്റു.
ജില്ലയിൽ പേരാവൂരിൽ കെ.കെ. ശൈലജയും പരാജയം രുചിച്ചു. മണ്ഡലം പിടിച്ചെടുക്കാമെന്ന് കരുതിയ ശൈലജയ്ക്ക് അടിതെറ്റി. കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജയെ വീഴ്ത്തി കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് വെന്നിക്കൊടി പാറിച്ചു. അതോടെ 2011ന് പിന്നാലെ 2026 ലും ശൈലജ സണ്ണി ജോസഫിനോട് പരാജയപ്പെട്ടു. ആദ്യ രണ്ട് റൗണ്ടുകളിൽ മാത്രമാണ് ശൈലജ ലീഡെടുത്തത്. മൂന്നാം റൗണ്ടുമുതൽ ലീഡെടുത്ത സണ്ണി ജോസഫ് പിന്നീട് പടിപടിയായി ലീഡ് വർധിപ്പിച്ചു. അതോടെ ഇടതുക്യാമ്പിലെ പ്രതീക്ഷയറ്റു. ഭൂരിപക്ഷം പതിനായിരം കടന്നതോടെ ശൈലജയും പാർട്ടിയും വൻ തോൽവിയിലേക്ക് നീങ്ങി.
മട്ടന്നൂരിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് ശൈലജ പോരാവൂരിലെത്തിയത്. അതോടെ ഒന്നര പതിറ്റാണ്ടിനപ്പുറം സണ്ണി ജോസഫും ശൈലജയും വീണ്ടും നേർക്കുനേർ വന്നു. 2021-ൽ മട്ടന്നൂരിൽ മത്സരിച്ച് കേരള രാഷ്ട്രീയത്തിലെ റെക്കോഡ് ഭൂരിപക്ഷം നേടിയ ശൈലയ്ക്ക് പാർട്ടിക്കപ്പുറമുള്ള വോട്ടുകൾ സമാഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പേരാവൂരിലേക്ക് നിയോഗിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമാനമായ ഒരു നീക്കം സിപിഎം ശൈലജയിലൂടെ നടത്തിയെങ്കിലും തിരിച്ചടിയായിരുന്നു ഫലം. വടകര ലോക്സഭാ സീറ്റ് തിരിച്ചുപിടിക്കുക എന്ന ദൗത്യത്തിനിറങ്ങിയ ശൈലജയ്ക്ക്, പക്ഷേ, ഷാഫി പറമ്പിലിന് മുന്നിൽ ദയനീയമായി അടിതെറ്റി. ഇക്കുറി സണ്ണി ജോസഫിന് മുന്നിലും പരാജയപ്പെട്ടു.
യുഡിഎഫ് തങ്ങളുടെ മണ്ഡലമെന്ന് വിശേഷിപ്പിക്കുന്ന കണ്ണൂരും ഇരിക്കൂറും വൻ ഭൂരിപക്ഷത്തോടെയായിരുന്നു ജയം. കണ്ണൂരിൽ 18,551 വോട്ടുകൾക്കാണ് യുഡിഎഫ് ജയിച്ചതെങ്കിൽ ഇരിക്കൂറിൽ അത് നാൽപ്പതിനായിരം കടന്നു. കണ്ണൂരിൽ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലെയും സ്ഥിതി അതായിരുന്നില്ല. എൽഡിഎഫിനെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് എസ്സിലെ രാമചന്ദ്രൻ കടന്നപ്പള്ളി വിജയിച്ചുകയറിയത്. കോൺഗ്രസിന് കനത്ത ആഘാതമുണ്ടാക്കുന്നതായിരുന്നു ആ വിജയങ്ങൾ. 2016-ൽ 1196 വോട്ടിനായിരുന്നു ജയമെങ്കിൽ 2021-ൽ 1745 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കടന്നപ്പള്ളി മണ്ഡലം നിലനിർത്തിയത്. രണ്ട് വട്ടവും കോൺഗ്രസിലെ സതീശൻ പാച്ചേനിയെയാണ് കടന്നപ്പള്ളി തോൽപ്പിച്ചത്. ഹാട്രിക് ജയം ഉന്നമിട്ട കടന്നപ്പള്ളിയെ ഇക്കുറി തോൽപ്പിച്ച് മുൻ മേയർ ടി.ഒ. മോഹനൻ മണ്ഡലം തിരിച്ചുപിടിച്ചു. കണ്ണൂരിലെ യുഡിഎഫിന്റെ ശക്തികേന്ദ്രമായ ഇരിക്കൂറിൽ എൽഡിഎഫിന് കനത്ത തോൽവിയേറ്റു. സജീവ് ജോസഫ് കേരള കോൺഗ്രസ് എമ്മിലെ മാത്യു കുന്നപ്പിള്ളിയെ പരാജയപ്പെടുത്തി. കഴിഞ്ഞ നാല് പതിറ്റാണ്ടായി വലതുകാറ്റ് ആഞ്ഞുവീശുന്ന മണ്ഡലം ഉറച്ച യുഡിഎഫ് കോട്ടയായി തുടർന്നു.
ഭൂരിപക്ഷം കുറഞ്ഞെങ്കിലും കല്ല്യാശ്ശേരി, തലശ്ശേരി, മട്ടന്നൂർ മണ്ഡലങ്ങൾ നിലനിർത്താൻ സിപിഎമ്മിനായി. കല്ല്യാശ്ശേരിയിൽ 18,433 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർഥി രാജീവൻ കപ്പച്ചേരിയേക്കാൾ എം. വിജിൻ നേടിയത്. കഴിഞ്ഞ 44,393 ഭൂരിപക്ഷം ലഭിച്ചയിടത്താണിതെന്നതാണ് ശ്രദ്ധേയം. തലശ്ശേരിയിലും പാർട്ടി വൻ വോട്ടുചോർച്ച നേരിട്ടു. ഇരുപതിനായിരത്തിൽപ്പരം ഭൂരിപക്ഷം മാത്രമാണ് സിപിഎമ്മിലെ കാരായി രാജന് നേടാനായത്. കഴിഞ്ഞ തവണ 36,801 വോട്ടുകളായിരുന്നു സിപിഎമ്മിന്റെ ഭൂരിപക്ഷം. മട്ടന്നൂരിൽ വി.കെ. സനോജിന്റെ ഭൂരിപക്ഷം 14,168 വോട്ടുകൾ മാത്രം. കഴിഞ്ഞ തവണ മട്ടന്നൂരിൽ നിന്ന് മത്സരിച്ച കെ.കെ. ശൈലജ 60,963 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം നേടിയാണ് ജയിച്ചത്. ഭൂരിപക്ഷത്തിൽ 45,000-ത്തിലധികളുടെ ഇടിവാണ് ഉണ്ടായത്.
കൂത്തുപറമ്പും അഴിക്കോടും നിലനിർത്താൻ എൽഡിഎഫിന് സാധിച്ചു. കൂത്തുപറമ്പിൽ ആർ.ജെ.ഡി സ്ഥാനാർഥി പി.കെ. പ്രവീൺ 1286 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആദ്യ റൗണ്ടുകളിൽ വൻ മുന്നേറ്റം നടത്തിയെങ്കിലും അവസാന റൗണ്ടുകളിൽ മുസ്ലിം ലീഗിലെ ജയന്തി രാജൻ ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെച്ചു. 2021-ലെ തിരഞ്ഞെടുപ്പിൽ 9,541 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.പി.മോഹനൻ വിജയിച്ചത്. അഴീക്കോടാകട്ടെ അവസാന റൗണ്ടിൽ മാത്രമാണ് എൾഡിഎഫിലെ കെ.വി. സുമേഷിന് ജയം ഉറപ്പിക്കാനായത്. അതും 349 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷം. മണ്ഡലത്തിൽ എംഎൽഎ എന്ന നിലയിലുള്ള മികച്ച പ്രവർത്തനമാണ് യുഡിഎഫ് തരംഗത്തിനിടയിലും സുമേഷിനെ പിടിച്ചുനിർത്തിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ജില്ലയിൽ പതിനൊന്നിൽ ആറും നേടിയെങ്കിലും പാർട്ടിയുടെ ഉറച്ച കോട്ടകൾ നഷ്ടപ്പെട്ടത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് പാർട്ടി നേതൃത്വത്തെ ഒന്നാകെ പിടിച്ചുകുലുക്കുമെന്നത് തീർച്ച. വിമതർക്ക് മുന്നിൽ അടിയറവ് പറഞ്ഞത് രാഷ്ട്രീയമായ സിപിഎം എങ്ങനെ വിശദീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
The CPM’s unbreakable strongholds in Kannur collapsed in an unprecedented defeat during the 2026 Assembly elections. Iconic fortresses like Payyannur and Taliparamba, considered invincible due to the party’s strong organizational roots, fell to the UDF. This historic loss in the home district of top leaders is expected to trigger a massive political shake-up within the CPM leadership at both district and state levels.


