തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. നിലവിൽ കണ്ണൂരിലെ വസതിയിലുള്ള മുഖ്യമന്ത്രി, തിരുവനന്തപുരത്തേക്ക് എത്താതെ പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. നാളെ മാത്രമേ രാജി സമർപ്പിക്കൂ എന്ന് പാർട്ടി വൃത്തങ്ങൾ നേരത്തെ സൂചിപ്പിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായി ഇന്ന് തന്നെ മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ തീരുമാനിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പിണറായി വിജയൻ മാധ്യമങ്ങളെ കാണാനോ പ്രതികരിക്കാനോ തയ്യാറായിട്ടില്ല. കണ്ണൂരിലെ വീട്ടിൽ തുടരുന്ന അദ്ദേഹം പാർട്ടി നേതാക്കളുമായി ഫോണിലൂടെ ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് വിവരം. ചരിത്രപരമായ ഭരണത്തുടർച്ചയും ഹാട്രിക് വിജയവും പ്രതീക്ഷിച്ചിരുന്ന എൽഡിഎഫിന് കേരളത്തിലുടനീളം നേരിട്ട കനത്ത പരാജയമാണ് അതിവേഗത്തിലുള്ള ഈ രാജിയിലേക്ക് നയിച്ചത്. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ യുഡിഎഫ് ക്യാമ്പിൽ സജീവമായിരിക്കെയാണ് മുഖ്യമന്ത്രിയുടെ രാജി. വരും ദിവസങ്ങളിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും ചേർന്ന് പരാജയത്തിന്റെ കാരണങ്ങൾ വിശദമായി പരിശോധിക്കും. മുഖ്യമന്ത്രിയുടെ രാജി ഔദ്യോഗികമായി അംഗീകരിച്ചതോടെ കേരളത്തിൽ ഇനി പുതിയ ഭരണകർത്താക്കൾ അധികാരമേൽക്കുന്നതിനായുള്ള കാത്തിരിപ്പാണ്. ഗവർണർ പുതിയ സർക്കാരിനെ ക്ഷണിക്കുന്നതോടെ സത്യപ്രതിജ്ഞയുൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് രാജ്യം നീങ്ങും.
പതിനാല് ജില്ലകളിലും ശക്തമായ തിരിച്ചടിയാണ് എല്‍ഡിഎഫിനേറ്റത്. ചുവപ്പുകോട്ടകള്‍ ഭദ്രമെന്ന് കരുതിയിരുന്നിടത്ത് പോലും കണക്കു കൂട്ടലുകള്‍ പിഴക്കുന്ന കാഴ്ച. മലപ്പുറം, വയനാട്, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇടതുപക്ഷത്തെ ജനം പാടെ കൈയൊഴിഞ്ഞു. കാസര്‍കോട്, പത്തനംതിട്ട, കോഴിക്കോട് എന്നീ ജില്ലകളില്‍ എല്‍ഡിഎഫിനെ ഓരോ സീറ്റുകളില്‍ ജനം ഒതുക്കി. ജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന ഇടത് മന്ത്രിമാരും നേതാക്കളും തോറ്റു.
ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, പാലായില്‍ ജോസ്. കെ. മാണി, ഏറ്റുമാനൂരില്‍ മന്ത്രി വി.എന്‍. വാസവന്‍, ആറന്മുളയില്‍ മന്ത്രി വീണാ ജോര്‍ജ്, പത്തനാപുരത്ത് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, നേമത്ത് മന്ത്രി വി. ശിവന്‍കുട്ടി, തിരൂരില്‍ മന്ത്രി വി. അബ്ദുറഹിമാന്‍, തൃത്താലയില്‍ മന്ത്രി എം.ബി. രാജേഷ്, പേരാമ്പ്രയില്‍ ടി.പി. രാമകൃഷ്ണന്‍,പേരാവൂരില്‍ കെ.കെ.ശൈലജ, തവനൂരില്‍ കെ.ടി. ജലീല്‍ അടക്കമുള്ളവര്‍ തോറ്റു. ആദ്യ അഞ്ചുഘട്ടങ്ങളിലും നേരിട്ട പതര്‍ച്ചക്കൊടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭൂരിപക്ഷം പിടിച്ചു ജയിച്ചുവെന്നതും എല്‍ഡിഎഫ് കോട്ടയില്‍ ഞെട്ടലുണ്ടാക്കുന്നു.
കോട്ടയത്ത് ഒമ്പത് മണ്ഡലങ്ങളില്‍ ഒമ്പതിടത്തും യുഡിഎഫ് ആണ്. ജോസ് കെ മാണിയടക്കം പരാജയപ്പെട്ടു. കേരള കോണ്‍ഗ്രസ് മാണി വിഭാഗം തുടച്ച്‌നീക്കപ്പെട്ടു.കാസര്‍കോട് അഞ്ച് മണ്ഡലങ്ങളില്‍ നാലിടത്തും യുഡിഎഫ് ആണ്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് ആശ്വാസമാകുന്നത്. മഞ്ചേശ്വരം, ഉദുമ, കാസര്‍കോട്, തൃക്കരിപ്പൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ ശക്തമായ മത്സരമാണ് യുഡിഎഫ് കാഴ്ചവെക്കുന്നത്. തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.പി.പി. മുസ്തവ പരാജയപ്പെട്ടു. ഉദുമയില്‍ സി.എച്ച്. കുഞ്ഞമ്പുവിനും അടിതെറ്റുന്ന കാഴ്ചയാണ്.
തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളില്‍ അഞ്ചിടത്ത് എല്‍ഡിഎഫ് ആണ്. കഴക്കൂട്ടത്തും നേമത്തും എന്‍ഡിഎ അക്കൗണ്ട് തുറന്നു. ഏഴിടത്ത് യുഡിഎഫും ജയിച്ചു.2021ല്‍ പതിനാലിടത്ത് പതിമൂന്നിലും എല്‍ഡിഎഫ് ആയിരുന്നു. കോവളത്ത് എം. വിന്‍സന്റ് മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ ആശ്വാസം. എന്നാല്‍ ഇത്തവണ അത് പാടെ മറിയുന്ന കാഴ്ചയായിരുന്നു.
കൊല്ലത്ത് പതിനൊന്ന് മണ്ഡലങ്ങളില്‍ എട്ടിടത്ത് യുഡിഎഫ് ജയിച്ചു. രണ്ടിടത്ത് എല്‍ഡിഎഫും ചാത്തന്നൂരില്‍ എന്‍ഡിഎയും ജയിച്ചു. 2021ല്‍ പതിനാലില്‍ ഒമ്പതിടത്ത് എല്‍ഡിഎഫ് ആയിരുന്നു. എന്നാല്‍ ഇത്തവണ രണ്ടായി കുറഞ്ഞു. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ തോറ്റു. കൊട്ടാരക്കരയില്‍ കെ.എന്‍. ബാലഗോപാലും, പുനലൂരില്‍ സി. അജയപ്രസാദുമാണ് എല്‍ഡിഎഫിന്റെ ആശ്വാസം.
പത്തനംതിട്ടയില്‍ അഞ്ചിടത്ത് നാലിലും യുഡിഎഫ് ആണ്. കോന്നിയില്‍ മാത്രമാണ് എല്‍ഡിഎഫിന് ആശ്വാസം. ആറന്മുളയില്‍ മന്ത്രി വീണാ ജോര്‍ജിനേയും ജനം കൈവിട്ടു.ആലപ്പുഴയില്‍ ഒമ്പതില്‍ ആറിടത്തും യുഡിഎഫ് ആണ്. മൂന്നിടത്ത് എല്‍ഡിഎഫ്. ജില്ലയില്‍ നിന്ന് എല്‍ഡിഎഫിന് എട്ട് എംഎല്‍എമാരുള്ളിടത്ത് നിന്നാണ് വെറും മൂന്നിലേക്ക് ചുരുങ്ങിയത്. മന്ത്രി സജി ചെറിയാന്‍ ജയിച്ചതാണ് പാര്‍ട്ടിക്ക് ആശ്വാസം.
കോട്ടയത്തായിരുന്നു യുഡിഎഫിന്റെ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഒമ്പതില്‍ ഒമ്പത് സീറ്റിലും യുഡിഎഫ് മുമ്പിലാണ്. ആറ് സീറ്റുകളുണ്ടായിരുന്ന ഇടതിന് ഒന്നുപോലും ഇത്തവണ വിജയിക്കാനായില്ല എന്നത് ശ്രദ്ധേയമാണ്. ജോസ് കെ. മാണിയുടെ കേരളാ കോണ്‍ഗ്രസും ഇടതിനൊപ്പം തകരുന്ന കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പില്‍ കാണാന്‍ സാധിച്ചത്.ഇടുക്കിയിലും സമാനമാണ് സ്ഥിതി. അഞ്ചില്‍ അഞ്ചും യുഡിഎഫ് നേടി. മന്ത്രി റോഷി അഗസ്റ്റിന്‍ അടക്കമുള്ളവര്‍ വീണു. അഞ്ച് മണ്ഡലങ്ങളില്‍ അഞ്ചും എല്‍ഡിഎഫ് ഉണ്ടായിരുന്നിടത്ത് നിന്നാണ് യുഡിഎഫ് തിരിച്ചുപിടിച്ചത്.
എല്‍ഡിഎഫിന് ഒരു സീറ്റില്‍ പോലും മുന്നേറ്റമുണ്ടാക്കാനാകാത്ത മറ്റൊരു ജില്ലയാണ് എറണാകുളം. പതിനാലില്‍ പതിനാലും ഇത്തവണ യുഡിഎഫിനൊപ്പം നിന്നു. പതിനാലില്‍ അഞ്ചിടത്ത് 2021ല്‍ എല്‍ഡിഎഫ് ആയിരുന്നു. എന്നാല്‍ ഇത്തവണ ആ അഞ്ചും എല്‍ഡിഎഫിനെ കൈവിടുന്ന കാഴ്ചയാണ്. മന്ത്രി പി. രാജീവ് അടക്കമുള്ളവര്‍ തോറ്റു.തൃശ്ശൂരില്‍ പതിമൂന്നില്‍ ഒമ്പതിടത്ത് എല്‍ഡിഎഫ് ജയിച്ചു. നാലിടത്ത് യുഡിഎഫും. പതിമൂന്നില്‍ പന്ത്രണ്ട് സീറ്റുകളുള്ളിടത്ത് നിന്നാണ് എല്‍ഡിഎഫ് ഒമ്പതിലേക്ക് വീണത്. മന്ത്രി ആര്‍. ബിന്ദു അടക്കമുള്ളവര്‍ തോറ്റു.
പാലക്കാട് പന്ത്രണ്ടില്‍ ഏഴിടത്ത് എല്‍ഡിഎഫും അഞ്ചിടത്ത് യുഡിഎഫുമാണ്. മന്ത്രി എം.ബി. രാജേഷ് തോറ്റു. തൃത്താലയില്‍ വീണ്ടും വി.ടി. ബല്‍റാം തിരിച്ചെത്തി. പാലക്കാട് പത്ത് സീറ്റുണ്ടായിരുന്നിടത്ത് നിന്നാണ് എല്‍ഡിഎഫ് ഏഴിലേക്ക് ചുരുങ്ങിയത്.എല്‍ഡിഎഫിനെ തീര്‍ത്തും കൈവിട്ട ജില്ലകളില്‍ മറ്റൊന്നാണ് മലപ്പുറം. പതിനാറില്‍ പതിനാറും യുഡിഎഫിനൊപ്പം നിന്നു. മന്ത്രി വി. അബ്ദുറഹിമാന്‍, കെ.ടി. ജലീല്‍ അടക്കമുള്ളവര്‍ തോറ്റു.
മലബാര്‍ മേഖലയില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായ ജില്ലകളില്‍ മറ്റൊരു ജില്ലയാണ് കോഴിക്കോട്. 13 മണ്ഡലങ്ങളില്‍ പന്ത്രണ്ടും എല്‍ഡിഎഫിനെ തള്ളി. ബേപ്പൂരില്‍ മന്ത്രി റിയാസ് മാത്രമാണ് പാര്‍ട്ടിയുടെ ഏക ആശ്വാസം.വയനാടില്‍ മൂന്നില്‍ മൂന്നും യുഡിഎഫ് നേടി. മന്ത്രി ഒ.ആര്‍. കേളുവിനും യുഡിഎഫ് തേരോട്ടത്തിന് മുമ്പില്‍ അടിപതറുന്ന കാഴ്ചയാണ്.
കണ്ണൂരില്‍ പതിനൊന്നില്‍ ആറിടത്ത് ആണ് എല്‍ഡിഎഫ്. അഞ്ചിടത്ത് യുഡിഎഫും ജയിച്ചു. ഒമ്പത് എംഎല്‍എമാരുണ്ടായിരുന്നിടത്ത് നിന്നാണ് എല്‍ഡിഎഫ് ആറിലേക്ക് ചുരുങ്ങിയത്. തളിപ്പറമ്പില്‍ പി.കെ. ശ്യാമള തോറ്റു. മന്ത്രി രാമചന്ദ്രകടന്നപ്പള്ളിയ്ക്കും യുഡിഎഫിന്റെ തേര്‍വാഴ്ചയില്‍ നിന്ന് രക്ഷപ്പെടാനായില്ല.കാസര്‍കോട് അഞ്ചില്‍ നാലും യുഡിഎഫ് ആണ്. കാഞ്ഞങ്ങാട് മാത്രമാണ് എല്‍ഡിഎഫിന്റെ ആശ്വാസം. കാഞ്ഞങ്ങാട്, ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളായിരുന്നു എല്‍ഡിഎഫിന്റെ പക്കല്‍ ഉണ്ടായിരുന്നത്. ഉദുമയില്‍ സിഎച്ച് കുഞ്ഞമ്പു തോറ്റു. തൃക്കരിപ്പൂരില്‍ വി.പി.പി. മുസ്തഫയും തോറ്റു.
Following the LDF’s severe defeat in the 2026 Assembly elections, Chief Minister Pinarayi Vijayan has submitted his resignation. Staying at his residence in Kannur, he sent the resignation letter via a special messenger to Governor Rajendra Vishwanath Arlekar. The Governor accepted the resignation and requested him to continue as the caretaker Chief Minister until the new government takes office.


