ബാലകൃഷ്ണ പിള്ളയുടെ വില്‍പ്പത്രത്തില്‍ തിരിമറി; ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതെന്ന് സൂചന

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ ആദ്യ ടേമില്‍ കെ.ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കാതിരുന്നത് കുടുംബത്തിലെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നെന്ന് സൂചന. അന്തരിച്ച പിതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ വില്‍പ്പത്രവുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളില്‍ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതായാണ് വിവരം.

ബാലകൃഷ്ണ പിള്ളയുടെ വില്‍പ്പത്രത്തെ ചൊല്ലിയുള്ള പരാതികളുമായി ഗണേഷിന്റെ മൂത്ത സഹോദരി ഉഷ മോഹന്‍ദാസാണ് മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും കണ്ടത്. വില്‍പ്പത്രത്തില്‍ സഹോദരി ഉഷയ്ക്ക് വേണ്ടി സ്വത്ത് ഭാഗം വെക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചിട്ടില്ല. ഗണേഷാണ് ഈ തിരിമറിക്കു പിന്നിലെന്നാണ് അവര്‍ സംശയിക്കുന്നത്.

തര്‍ക്കം പരിഹരിച്ച ശേഷം ഗണേഷിനെ മന്ത്രിയാക്കാമെന്ന് സിപിഎം തീരുമാനിച്ചത് ഈ പരാതിയെ തുടര്‍ന്നാണെന്നാണ് വിവരം. അതേസമയം, ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. മന്ത്രിസഭ രൂപീകരണ ചര്‍ച്ചകളില്‍ അതൃപ്തിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

എല്‍.ഡി.എഫ് മന്ത്രിസഭയില്‍ അനുവദിച്ച് കിട്ടിയ രണ്ട് ക്യാബിനറ്റ് റാങ്ക് പദവിയിലേക്ക് കേരളാ കോണ്‍ഗ്രസ്-എം ആളെ തീരുമാനിച്ചു. മന്ത്രി സ്ഥാനത്തേക്ക് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനേയും, ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ എന്‍. ജയരാജിനെയും തീരുമാനിച്ചു.

പാര്‍ട്ടി തീരുമാനം അറിയിച്ച് ചെയര്‍മാന്‍ ജോസ് കെ. മാണി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. രണ്ട് മന്ത്രിസ്ഥാനത്തിന് വേണ്ടി എല്‍ഡിഎഫില്‍ കേരളാ കോണ്‍ഗ്രസ്-എം ആദ്യാവസാനം നിലപാടെടുത്തിരുന്നെങ്കിലും സിപിഎം വഴങ്ങിയിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News