കണ്ണൂർ: തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെ, ഭാര്യയും മുതിർന്ന നേതാവുമായ കെ.പി. രമണിയെ സി.പി.എം. പാർട്ടിയിൽ നിന്ന് പുറത്താക്കി. സി.പി.എം. ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി അംഗവും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു രമണി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം. ജില്ലാ നേതൃത്വത്തിന്റെ ഈ അടിയന്തര നടപടി.
തളിപ്പറമ്പിൽ യു.ഡി.എഫ്. സംഘടിപ്പിച്ച കൺവെൻഷനിൽ രമണി നേരിട്ട് പങ്കെടുത്തത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിരുന്നുസി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാക്കിയതിനെതിരെ പരസ്യമായി രംഗത്തുവന്നാണ് ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടത്. പാർട്ടിക്കുള്ളിലെ സ്വജനപക്ഷപാതത്തെയും പാർലമെന്ററി വ്യാമോഹത്തെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം, തളിപ്പറമ്പിൽ യു.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഗോവിന്ദന്റെ നീക്കത്തിന് കുടുംബത്തിന്റെ പിന്തുണയില്ലെന്ന് സി.പി.എം. പ്രാദേശികമായി പ്രചരിപ്പിച്ചിരുന്നു. എന്നാൽ, ഭർത്താവിന്റെ പ്രചാരണ പരിപാടികളിൽ സജീവമായതോടെയാണ് രമണിക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.
രമണിയുടെ പുറത്താക്കൽ തളിപ്പറമ്പ് മണ്ഡലത്തിലെ രാഷ്ട്രീയ പോരാട്ടത്തിന് പുതിയ മാനം നൽകിയിരിക്കുകയാണ്. സി.പി.എമ്മിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവിടെ ഇത്തവണ ഒരു വിഭാഗം അണികളുടെ പിന്തുണയും തനിക്ക് ലഭിക്കുമെന്ന് ടി.കെ. ഗോവിന്ദൻ അവകാശപ്പെടുന്നു.
കെ.പി. രമണിയെപ്പോലൊരു വനിതാ നേതാവിനെ പുറത്താക്കിയത് സാധാരണ പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കുമോ എന്ന് പാർട്ടി നേതൃത്വം ആശങ്കപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ പ്രചാരണം കൂടുതൽ ശക്തമാകാനാണ് സാധ്യത.
English Summary:
The CPI(M) has expelled K.P. Ramani, former Sreekandapuram Area Committee member and block panchayat president, for attending the election convention of her husband, T.K. Govindan, who is contesting as a UDF-backed independent candidate in Taliparamba. The expulsion follows T.K. Govindan’s split from the party over the nomination of P.K. Shyamala


