കൊച്ചി: എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ രൂക്ഷമായ പരിഹാസവുമായി നടനും കോൺഗ്രസ് സഹയാത്രികനുമായ സലിംകുമാർ. കേരളം അമേരിക്കയോടു കിടപിടിക്കുന്ന രീതിയിൽ വികസിച്ചുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തിനെതിരെയുൾപ്പെടെയാണ് സലിംകുമാർ വിമർശനം ഉന്നയിച്ചത്. വ്യവസായസൗഹൃദസംസ്ഥാനമെന്ന അവകാശവാദത്തേയും തന്റെ തനത് ശൈലിയിൽ സലിംകുമാർ കളിയാക്കി. കേരളത്തിൽ അർജന്റീനിയൻ ഫുട്‌ബോൾ താരം മെസിയെ കൊണ്ടുവരുമെന്ന കായികമന്ത്രിയുടെ പ്രഖ്യാപനത്തേയും അദ്ദേഹം രൂക്ഷമായി പരിഹസിച്ചു. അയ്യപ്പസ്വാമിയുടെ സ്വർണം കട്ടവർ, സ്വർണ്ണത്തിൽതീർത്ത തന്റെ ബാലൺദ്യോർ പുരസ്‌കാരം വെറുതേവിടില്ലെന്ന് അറിഞ്ഞതുകൊണ്ടാണ് മെസി കേരളത്തിലേക്ക് വരാത്തതെന്നായിരുന്നു സലിംകുമാറിന്റെ വാക്കുകൾ.
സലിംകുമാറിന്റെ വാക്കുകൾ:
അഞ്ചാറു മാസം മുമ്പ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കണ്ടു. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ മകൻ അമേരിക്കയിൽനിന്ന് വന്നിട്ട് കേരളം കണ്ടപ്പോൾ ആ പയ്യൻ പറഞ്ഞു, ‘കേരളം ഇത് എന്തൊരു മാറ്റമാണ്, അമേരിക്ക പോലും തോറ്റു പോകും’ എന്ന് മുഖ്യമന്ത്രി പറഞ്ഞു. അപ്പോൾ എനിക്ക് സംശയം, ഈ പയ്യൻ ആരായിരിക്കും, ഇപ്പോൾ എവിടെ ഉണ്ടാവുമെന്ന്. അങ്ങനെ ഞാൻ പയ്യനെ അന്വേഷിച്ചു ചെന്നു. എനിക്ക് പയ്യനെ കാണാൻ പറ്റി, നമ്മുടെ ഊളംപാറയിലുള്ള മാനസിക ആശുപത്രിയിലായിരുന്നു. ഞാൻ അച്ഛനോട് ചോദിച്ചു, എന്താ ഇവിടെ കൊണ്ടുവന്നതെന്ന്. അല്ല സലീമേ, ഈ കേരളം കണ്ടിട്ട് അമേരിക്ക എന്ന് പറയണമെങ്കിൽ, അപ്പോൾതന്നെ അവന് കുഴപ്പമുണ്ടെന്ന് മനസ്സിലായി. അതിന്റെ പേരിലാണ് ഇവിടെ ഇപ്പോൾ കൊണ്ടുവന്നതെന്ന് അച്ഛൻ പറഞ്ഞു.
പിന്നെ വേറെ ഒരു വാർത്ത വന്നത്, മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. പി. രാജീവ് അദ്ദേഹത്തോട് ചെന്നുപറഞ്ഞു, കേരളത്തിൽ പണം മുടക്കാൻ ഒരു വ്യവസായി വന്നിട്ടുണ്ടെന്ന്. മുഖ്യമന്ത്രി വിചാരിച്ചു വളരെ നിസ്സാര പൈസ മുടക്കാൻവേണ്ടിയായിരിക്കുമെന്ന്. വ്യവസായിക്ക് പേരില്ലകേട്ടോ, പേര് പറയില്ല. പയ്യനും പേരും അഡ്രസും ഒന്നുമില്ല, വ്യവസായിക്കും പേരും അഡ്രസ്സും ഒന്നുമില്ല. എത്ര രൂപയാണ് മുടക്കാൻ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മൂന്നു ലക്ഷം കോടിയാണെന്ന് പറഞ്ഞു. അപ്പോൾ മുഖ്യമന്ത്രി ഞെട്ടി. ഞെട്ടിയിട്ട് ചോദിച്ചു, ‘എന്താണ് കേരളത്തിന് മൂന്നു ലക്ഷം കോടി മുടക്കുന്നതെന്ന്’. വ്യവസായ സൗഹൃദം, ലോകത്ത് ഇത്രയുമുള്ള സ്ഥലം വേറയില്ല. ആന്തൂർ സാജനെ പോലുള്ളവരൊക്കെ എങ്ങനെയാണ് നിങ്ങൾ സഹായിച്ചത്.
ഇത് കേട്ടപ്പോൾ ഞാൻ വീണ്ടും അയാളെ അന്വേഷിച്ചു വന്നു. നമ്മുടെ പയ്യൻ കിടന്നില്ലേ, അതിന്റെ ഇപ്പുറത്തെ കട്ടിലിൽ. ഡോക്ടർ പറയുവാണ്, മൂലമറ്റത്തുള്ള പവർ ഷോക്ക് കൊടുത്തിട്ട് തീർന്നില്ല, ഇനി കഠിനംകുളത്തെ താപനിലയത്തിൽനിന്ന് വൈദ്യുതി വന്നാൽ ഇയാളുടെ ഭ്രാന്ത് മാറ്റാമെന്ന്.
അങ്ങനെ ഓരോ ദിവസംതോറും ഓരോ തള്ള്. കായിക മന്ത്രിയുടെ പേരിൽ വേറൊരു തള്ള്. നിങ്ങളൊക്കെ കേട്ടു കാണും. ‘മെസി വരും കേട്ടോ’. മെസി ഇവിടെ കലൂർ സ്റ്റേഡിയത്തിൽ വരും, കലൂർ സ്റ്റേഡിയത്തിൽ വന്നിട്ട് കൈരളി ടിവിയിലെ കോമഡി ഷോ അവതരിപ്പിക്കുന്നു. അങ്ങനെ പലതുമുണ്ടായിരുന്നു. അവിടെ പണിയുന്നു, ഇവിടെ പണിയുന്നു. മെസി ഇവിടെ ഇന്ത്യയിൽ വരികയും ചെയ്തു. ആന്ധ്രാപ്രദേശിൽവന്നു, ബോംബെയിൽ വന്നു, ഡൽഹിയിൽ വന്നു. അപ്പോൾ ഞാൻ മെസിയോട് ചോദിച്ചു, ‘എന്താണ് കാരണം? താൻ ബോംബെയിൽ വന്നു, ഹൈദരാബാദിൽവന്നു, ഡൽഹിയിൽ വന്നു. ഞങ്ങളുടെ കേരളത്തിൽ വരാൻ എന്താണ് കുഴപ്പം’. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, ‘ടാ വേറൊന്നും വിചാരിക്കരുത്. കേരളീയരോട് ഒരു ദേഷ്യവുമില്ല. എനിക്ക് എട്ട് ബാലൺദ്യോർ പുരസ്‌കാരമുണ്ട്. എട്ടും സ്വർണ പന്തുകളാണ്. അയ്യപ്പസ്വാമിയുടെ സ്വർണംകട്ട ഇവന്മാർ എന്റെ ബാലൺദ്യോർ പുരസ്‌കാരം വെറുതെ വെക്കുമെന്ന് ചേട്ടന് തോന്നുന്നുണ്ടോ. അങ്ങനെയൊക്കെ ചെയ്യിക്കാൻ ചേട്ടാ മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ’, എന്ന്. അപ്പൊ മെസിയോട് നിങ്ങൾക്കൊന്നും തോന്നരുത്. അദ്ദേഹം പാവമാണ്.
തോമസ് ഐസക് ഡോക്ടറാ, പറഞ്ഞതെന്താ. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരമേൽക്കുമ്പോൾ അമേരിക്കൻ സിഐഎ അന്വേഷിച്ചുവന്നു. ഒരു നാടകമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിൽ കയറ്റിയതെന്നാണ് ചാരസംഘടന റിപ്പോർട്ട് കൊടുത്തത്. ആ കലാകാരന്മാരെയാണ് കോമാളി എന്ന് വിളിച്ചത്. കലാകാരന്മാർ ഇപ്പോൾ അവർക്ക് കോമാളികളായി മാറി. ഞാൻ വിചാരിച്ചു ഇങ്ങേര് ഒരു ഡോക്ടർ അല്ലേ. ധനതത്വശാസ്ത്രത്തിൽ ഡോക്ടർ ആണെന്നാണ്. അങ്ങനെ ഒരാൾ ഇങ്ങനെ പറയുമോ. ഞാൻ വീണ്ടും അന്വേഷിച്ചു. അപ്പോഴാണ് കയറുപിരിയിലെ തരികിട എന്നാണ് അദ്ദേഹത്തിന്റെ ഡിഗ്രിയെന്ന് മനസിലായത്.
ഇത്രയും കാലം സതീഷ് ചേട്ടനെ നമ്മൾ വിട്ടത് ഒരു എംഎൽഎ ആയിട്ടായിരുന്നു. ഇനി കേരളം നയിക്കാനായിട്ടുള്ള ഒരാളായിട്ടാണ് അയക്കാൻപോവുന്നത്. അപ്പോൾ ശക്തമായ ഭൂരിപക്ഷം, ഞാൻ എണ്ണമൊന്നും പറയുന്നില്ല, നമ്മളെക്കൊണ്ട് ആവുന്ന രീതിയിലുള്ള ഭൂരിപക്ഷം കൊടുത്ത് അദ്ദേഹത്തെ വമ്പിച്ച വോട്ടിന് ജയിപ്പിക്കണം. യുഡിഎഫ് അധികാരത്തിൽ വരും എന്ന് എനിക്ക് 101 ശതമാനം ഉറപ്പുണ്ട്.
News Summary: Renowned actor and Congress supporter Salim Kumar has launched a scathing and satirical attack on the LDF government and Chief Minister Pinarayi Vijayan. Mocking the Chief Minister’s claims that Kerala’s development rivals that of America, the actor also took aim at the state’s “pro-industry” image. His sharpest sarcasm was reserved for the Sports Minister’s announcement about bringing football legend Lionel Messi to Kerala. Salim Kumar joked that Messi is refusing to come because he fears that those who allegedly stole Lord Ayyappa’s gold would not spare his gold-plated Ballon d’Or trophy either.


