കൊടുവള്ളി: എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ട് ലഭിച്ച കൊടുവള്ളി നഗരസഭയിലെ സിപിഎമ്മിന്റെ ചൂണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു. അവിടെ മത്സരിച്ചിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒപി റഷീദിനായിരുന്നു പൂജ്യം വോട്ട് ലഭിച്ചത്. ഇതിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടി നടപടി.
ആദ്യം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കരാട്ട് ഫൈസലിനെയായിരുന്നു പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് പാര്‍ട്ടി പിന്തുണ പിന്‍വലിക്കുകയായിരുന്നു. അതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ ഫൈസല്‍ തയ്യറായത്. കൊടുവള്ളി നഗരസഭയുടെ 15ാം ഡിവിഷനില്‍ 75 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കരാട്ട് ഫൈസല്‍ വിജയിച്ചിരുന്നത്.
അപരനായി മത്സരിച്ച കെ ഫൈസലിന് ഏഴ് വോട്ടുകള്‍ ലഭിച്ചപ്പോഴും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ ഒപി റഷീദ് ഡമ്മി സ്ഥാനാര്‍ഥിയാണെന്നും യഥാര്‍ഥ സ്ഥാനാര്‍ഥി ഫൈസല്‍ ആണെന്നും കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു. ഇതിനെ ശരിവെക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം.
ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ് ചേരുകയും തീരുമാനം കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ആയിരുന്നു. റഷീദിന് മറ്റൊരു വാര്‍ഡിലായിരുന്നു വോട്ട്. എന്നാല്‍ ബ്രാഞ്ച് സെക്രട്ടറിയോ പ്രവര്‍ത്തകരോ വോട്ട് ചെയ്തില്ലയെന്നതാണ് സിപിഎമ്മിന്റെ സംഘടനാ തീരുമാനത്തെ വെല്ലുവിളിക്കുന്നതാണ്.