തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്. നിലവിലെ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ഗുണകരമാവില്ലെന്നാണ് വിലയിരുത്തല്‍. ലോക്ക് ഡൗണില്‍ ജനക്കൂട്ടങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുക്കണമെന്നും സി.പി.ഐ.എം വ്യക്തമാക്കി.
ജോലിയില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അത് ജനങ്ങളെ സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
എന്നാല്‍ ലോക്ക്ഡൗണ്‍ വേണമെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്. സര്‍ക്കാര്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
അതേസമയം, പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കാന്‍ തടസമില്ലെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. നിയമസഭാ സമ്മേളനം മാറ്റിവച്ചത് പ്രതിപക്ഷത്തോട് ആലോചിച്ച ശേഷമാണെന്നും മന്ത്രി പറഞ്ഞു. കൊവിഡ് സാഹചര്യം സങ്കീര്‍ണമായതിനെ തുടര്‍ന്നാണ് നിയമസഭാ സമ്മേളനം മാറ്റിയത്.