KeralaNews

ഒരേയൊരു പുതുമുഖം; സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ധാരണയായി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ഥി പട്ടികയില്‍ ധാരണയായി. ജി.എസ്. ജയലാല്‍(ചാത്തന്നൂര്‍), വി. ശശി (ചിറയിന്‍കീഴ്), കെ. രാജന്‍ (ഒല്ലൂര്‍), വി.ആര്‍. സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍), പി.പ്രസാദ് (ചേര്‍ത്തല), പി.എസ്. സുപാല്‍ (പുനലൂര്‍), ചിറ്റയം ഗോപകുമാര്‍ (അടൂര്‍), ഇ.കെ. വിജയന്‍ (നാദാപുരം), ആര്‍. രാമചന്ദ്രന്‍ (കരുനാഗപ്പള്ളി), എല്‍ദോ എബ്രഹാം (മൂവാറ്റുപുഴ), ജി.ആര്‍.അനില്‍ (നെടുമങ്ങാട്), സി.കെ.ആശ (വൈക്കം), മുഹമ്മദ് മുഹ്‌സിന്‍ (പട്ടാമ്പി), ഇ. ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്), ടൈസന്‍ മാസ്റ്റര്‍(കയ്പമംഗലം), ഗീത ഗോപി (നാട്ടിക) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്.

നെടുമങ്ങാട് നിന്നു മത്സരിക്കുന്ന ജി.ആര്‍. അനില്‍ മാത്രമാണ് സ്ഥാനാര്‍ഥി പട്ടികയിലെ പുതുമുഖം. അതേസമയം, ചടയമംഗലത്ത് വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ ബുധനാഴ്ച ചേരുന്ന ജില്ലാ എക്‌സിക്യുട്ടീവ് യോഗത്തില്‍ തീരുമാനമാകും.

അതേസമയം തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതിനിടെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി വീണ്ടും പോസ്റ്റര്‍ വിവാദം കത്തിപ്പടരുകയാണ്. കളമശേരിയില്‍ പി. രാജീവിനെതിരെയും മഞ്ചേശ്വരത്ത് ജയാനന്ദയ്ക്കെതിരെയുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

അഴിമതി വീരന്‍ സക്കീറിന്റെ ഗോഡ്ഫാദര്‍ രാജീവിനെ കളമശേരിക്ക് വേണ്ടെന്നാണ് കളമശേരി നഗരസഭാ ഓഫീസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലുള്ളത്. പോസ്റ്ററിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. കെ. ചന്ദ്രന്‍പിള്ളയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച രാത്രി ഇവിടെ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

മഞ്ചേശ്വരത്ത് കെ.ആര്‍. ജയാനന്ദയ്ക്കെതിരെ സിപിഎം അനുഭാവികളുടെ പേരിലാണ് ഉപ്പള ടൗണിലും പരിസരത്തും പോസ്റ്റര്‍ ഒട്ടിച്ചത്. മഞ്ചേശ്വരത്ത് ജയാനന്ദ വേണ്ടെന്നാണ് പോസ്റ്ററിലെ ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button