തിരുവനന്തപുരം: നാല് മണ്ഡലങ്ങളിലേയ്ക്ക് കൂടിയുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. ചടയമംഗലം, ഹരിപ്പാട്, പറവൂര്‍, നാട്ടിക എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
ചടയമംഗലത്ത് ജെ. ചിഞ്ചുറാണി സ്ഥാനാര്‍ത്ഥിയാകും. അഡ്വ. ആര്‍ സജിലാലാണ് ഹരിപ്പാട്ടെ സിപിഐ സ്ഥാനാര്‍ത്ഥി. എം. ടി നിക്സണ്‍ പറവൂരും സി. സി മുകുന്ദന്‍ നാട്ടികയിലും സ്ഥാനാര്‍ത്ഥിയാകും. ചടയമംഗലത്ത് പരിഗണിച്ചിട്ടുള്ള ചിഞ്ചുറാണിക്കെതിരെ പ്രാദേശിക തലത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ അവഗണിച്ച് മുന്നോട്ടുപോകാനാണ് സിപിഐ ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
ആകെ 25 സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. ഇതില്‍ നാല് സീറ്റുകള്‍ ഒഴിച്ചിട്ടായിരുന്നു ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക സിപിഐ പുറത്തുവിട്ടത്. ജി.എസ്. ജയലാല്‍(ചാത്തന്നൂര്‍), വി. ശശി (ചിറയിന്‍കീഴ്), കെ. രാജന്‍ (ഒല്ലൂര്‍), വി.ആര്‍. സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍), പി.പ്രസാദ് (ചേര്‍ത്തല), പി.എസ്. സുപാല്‍ (പുനലൂര്‍), ചിറ്റയം ഗോപകുമാര്‍ (അടൂര്‍), ഇ.കെ. വിജയന്‍ (നാദാപുരം), ആര്‍. രാമചന്ദ്രന്‍ (കരുനാഗപ്പള്ളി), എല്‍ദോ എബ്രഹാം (മൂവാറ്റുപുഴ), ജി.ആര്‍.അനില്‍ (നെടുമങ്ങാട്), സി.കെ.ആശ (വൈക്കം), മുഹമ്മദ് മുഹ്സിന്‍ (പട്ടാമ്പി), ഇ. ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്), ടൈസന്‍ മാസ്റ്റര്‍(കയ്പമംഗലം), എന്നിവരാണ് ആദ്യഘട്ട പട്ടികയില്‍ ഇടം നേടിയത്.