കൊച്ചി: ഞാറയ്ക്കല്‍ സി.ഐയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ കൊച്ചി റേഞ്ച് ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തി. ലാത്തിച്ചാര്‍ജില്‍ എല്‍ദോ ഏബ്രഹാം എം.എല്‍.എ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.
പോലീസ് പ്രകോപനമില്ലാതെ തല്ലിയെന്ന് എം.എല്‍.എ പറഞ്ഞു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗുണ്ടകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പോലീസ് അവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും എം.എല്‍.എ ആരോപിച്ചു. ഇതിനെതിരെയാണ് ഭരണപക്ഷത്തുനിന്നു തന്നെയുള്ള പാര്‍ട്ടി സമരരംഗത്ത് എത്തിയിരിക്കുന്നത്. മുന്നണിയില്‍ തെറ്റുതിരുത്തല്‍ ശക്തിയായി തന്നെ സി.പി.ഐ ഉണ്ടാകും. നിലാവത്ത് അഴിച്ചുവിട്ട കോഴിയുടെ അവസ്ഥയിലാണ് പോലീസ് എന്നും എം.എല്‍.എ കുറ്റപ്പെടുത്തി.
കഴിഞ്ഞയാഴ്ച വൈപ്പിന്‍ എളങ്കുന്നപ്പുഴ ഗവണ്മെന്റ് കോളജില്‍ എസ്.എഫ്.ഐയും എ.ഐ.വൈ.എഫും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സി.ഐ പക്ഷപാതപരമായ നിപാട് സ്വീകരിച്ചുവെന്നും ആരോപിച്ചായിരുന്നു മാര്‍ച്ച്. സംഘര്‍ഷത്തില്‍ പരിക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്താതെ സി.ഐ അക്രമികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നും സി.പി.ഐ നേരത്തെ ആരോപിച്ചിരുന്നു.