പാലാ: നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ ഭരണകക്ഷി അംഗങ്ങള്‍ തമ്മിലടിച്ച സംഭവത്തിന് പിന്നാലെ വൈകിട്ട് സിപിഎം-കേരള കോണ്‍ഗ്രസ്-എം പ്രതിനിധികള്‍ സംയുക്തയോഗം വിളിച്ചു. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലാണ് യോഗം ചേരുന്നത്. യോഗത്തിന് ശേഷം നേതാക്കള്‍ സംയുക്തമായി മാധ്യമപ്രവര്‍ത്തകരെയും കാണും.
ഭരണകക്ഷിയിലെ കൗണ്‍സിലര്‍മാരും പ്രാദേശിക നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും. കൗണ്‍സില്‍ യോഗത്തിലെ തര്‍ക്കം നിയമസഭാ തെരഞ്ഞെടുപ്പി ബാധിക്കാതിരിക്കാനാണ് അടിയന്തര യോഗം പാര്‍ട്ടികള്‍ സംയുക്തമായി വിളിച്ചുചേര്‍ക്കുന്നത്.
ഇന്ന് രാവിലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെയാണ് സിപിഎം-കേരള കോണ്‍ഗ്രസ്-എം അംഗങ്ങള്‍ തമ്മിലടിച്ചത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ചേരുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഭവത്തിന് കാരണം.
കേരള കോണ്‍ഗ്രസ്-എമ്മിലെ ബൈജു കൈല്ലംപറമ്പിലും സിപിഎമ്മിലെ ബിനു പിളിക്കക്കണ്ടവും തമ്മിലായിരുന്നു വാക്കേറ്റവും കൈയാങ്കളിയും. മറ്റ് കൗണ്‍സിലര്‍മാര്‍ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം മുടങ്ങി.