മുംബൈ: കോവിഡ് പരിശോധന സ്വയം നടത്തുന്നതിനുള്ളഇന്ത്യയുടെ ആദ്യത്തെ കിറ്റ് ‘കോവിസെൽഫ്’ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വിപണിയിൽ ലഭ്യമാകും. 250 രൂപ വിലയുള്ള സ്വയം പരിശോധന കിറ്റ് സർക്കാരിന്റെ ഇ-മാർക്കറ്റിങ് സൈറ്റിലും ലഭിക്കും.
സ്വയം കോവിഡ് പരിശോധന നടത്താൻ സഹായിക്കുന്ന കിറ്റിന് നേരത്തെ, ഐ.സി.എം.ആർ. അനുമതി നൽകിയിരുന്നു. 250 രൂപയുടെ കിറ്റ് ഉപയോഗിച്ച് നടത്തുന്ന റാപ്പിഡ് ആന്റിജൻ പരിശോധനയുടെ ഫലം 15 മിനിറ്റിൽ അറിയാം. കോവിഡ്-19-ന്റെ ലക്ഷണമുള്ളവർ മാത്രം കിറ്റ് ഉപയോഗിച്ചാൽ മതി. തുടർച്ചയായുള്ള പരിശോധനയും ആവശ്യമില്ല. പോസിറ്റീവ് ആണെങ്കിൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടതില്ല. രോഗലക്ഷണമുള്ളവർക്ക് നെഗറ്റീവ് ഫലം ലഭിച്ചാൽ ഉടൻ ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം
ഒരു ട്യൂബ്, മൂക്കിൽനിന്ന് സാംപിൾ എടുക്കാൻ അണുനശീകരണം നടത്തിയ ചെറിയ തണ്ട്, ടെസ്റ്റ് കാർഡ്, ഇവയൊക്കെ സുരക്ഷിതമായി കളയാനുള്ള ബാഗ് എന്നിവയാണ് കിറ്റിലുണ്ടാവുക. പുണെയിലെ മൈലാബ് ഡിസ്കവറി സൊലൂഷൻസ് ലിമിറ്റഡാണ് കിറ്റ് വികസിപ്പിച്ചത്. കോവിസെൽഫിന്റെ ഏഴ് ലക്ഷം യൂണിറ്റ് ആഴ്ചയിൽ ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.