ജെനീവ: ലോകത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് പത്തില്‍ ഒരാള്‍ക്ക് വീതം കോവിഡ് ബാധിച്ചിരിക്കാമെന്നാണ് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം തലവന്‍ ഡോ.മൈക്കിള്‍ റയാന്റെ നിഗമനം. ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് മീറ്റിംഗിലാണ് ഡോ. മൈക്കല്‍ റയാന്‍ ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
കണക്കുകള്‍ നഗരങ്ങള്‍ മുതല്‍ ഗ്രാമങ്ങള്‍ വരെയും വിവിധ ഗ്രൂപ്പുകള്‍ക്കിടയിലും വ്യത്യാസപ്പെട്ടേക്കാമെന്നും എന്നാല്‍ ആത്യന്തികമായി അത് അര്‍ഥമാക്കുന്നത് ലോകത്തെ വലിയൊരു വിഭാഗവും അപകടത്തിലാണെന്നാണെന്നും അദ്ദേഹം പറഞ്ഞു.
‘ദക്ഷിണകിഴക്കന്‍ ഏഷ്യയില്‍ കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലും കിഴക്കന്‍ മെഡിറ്ററേനിയനിലും കോവിഡ് മരണങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. അതേസമയം ആഫ്രിക്കയിലേയും പടിഞ്ഞാറന്‍ പസഫിക്കിലേയും സാഹചര്യങ്ങള്‍ കുറേക്കൂടി പോസിറ്റീവാണ്. ഞങ്ങളുടെ നിലവിലുളള ഏറ്റവും മികച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത് ആഗോളതലത്തില്‍ പത്തുശതമാനം ആളുകള്‍ക്കും വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നാണ്.’- റയാന്‍ പറയുന്നു.
രോഗവ്യാപനം തുടരുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയിട്ടേയുളളൂവെന്നും റയാന്‍ മുന്നറിപ്പ് നല്‍കുന്നുണ്ട്.
നിലവില്‍ ലോകത്തിലെ 7.6 ബില്യണ്‍ ജനസംഖ്യ അടിസ്ഥാനമാക്കി കണക്കാക്കിയാല്‍ 760 മില്യണ്‍ പേര്‍ക്കെങ്കിലും രോഗം ബാധിച്ചിരിക്കാമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ചതിന്റെ 20 മടങ്ങിലധികമാണിത്.