തിരുവനന്തപുരം : കൊവിഡ് വാക്സിന് വിതരണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വാക്സിന് ശില്പശാലയില് സംസാരിക്കുകയായിരുന്നു മന്ത്രി. വാക്സിന് എടുക്കുന്നതില്‍ ആശങ്ക വേണ്ട. എന്തെങ്കിലും ചെറിയ പ്രശ്നങ്ങളുണ്ടെങ്കില്‍ പേടിക്കേണ്ടതില്ലെന്നും കെ.കെ ശൈലജ പറഞ്ഞു.
വാക്സിന് വരുന്നതോടെ കൂടുതല്‍ പേരെ സുരക്ഷിതരാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ആദ്യഡോസ് എടുത്താല്‍ സുരക്ഷിതരായി എന്ന് കരുതരുത്. രണ്ടാം ഡോസ് എടുക്കുന്നത് വരെ മുന്‍ കരുതല്‍ തുടരണം. വാക്സിന് വിതരണം വിജയകരമായി പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. രോഗത്തെ ചെറുക്കാനുള്ള യുദ്ധത്തില്‍ പ്രധാന ആയുധമാണ് പുറത്തെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ മൂന്ന് മേഖല കേന്ദ്രങ്ങളിലെത്തിച്ച കൊവിഡ് വാക്സിന് ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇന്നു മുതല്‍ വിതരണം ചെയ്യും. ശീതീകരണ സംവിധാനം ഉറപ്പാക്കിയാണ് വിതരണം. മറ്റന്നാള്‍ മുതലാണ് കുത്തിവെയ്പ്പ്. ശനിയാഴ്ച മുതല്‍ 133 കേന്ദ്രങ്ങളില്‍ കുത്തിവെയ്പ് നടക്കും. വാക്സിന് കൂടുതല്‍ കിട്ടുന്ന മുറയ്ക്ക് ഓരോ ജില്ലയിലും നൂറിലധികം വാക്സിനേഷന് കേന്ദ്രങ്ങള്‍ സജ്ജമാക്കും. ആദ്യ ഡോസ് വാക്സിനെടുത്ത് 28 ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. കേരളത്തിലേക്കാവശ്യമായ അടുത്ത ഘട്ടം വാക്സിന് ഫെബ്രുവരി ആദ്യ ആഴ്ചയോടെ എത്തിയ്ക്കും.