ന്യൂഡൽഹി: കോവിഡ് വാക്സിനുകൾ പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന ശേഷിയെ ദോഷകരമായി ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്തിയ ശേഷം മാത്രമേ അവ ഉപയോഗിക്കാൻ അനുമതി നൽകുകയുള്ളൂയെന്നും മന്ത്രാലയം പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പ് മൂലം വന്ധ്യതയുണ്ടാകുമെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് മറുപടിയായാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ ലഭ്യമായ വാക്സിനുകളൊന്നും പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന ശേഷിയെ ബാധിക്കില്ല. പാർശ്വഫലങ്ങളുണ്ടോയെന്ന് വിലയിരുത്താൻ എല്ലാ വാക്സിനുകളും അവയുടെ ഘടകങ്ങളും ആദ്യം മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും പരീക്ഷിക്കാറുണ്ട്. പ്രതിരോധവും ഫലപ്രാപ്തിയും ഉറപ്പാക്കിയതിനുശേഷം മാത്രമേ വാക്സിനുകൾ ഉപയോഗിക്കാൻ അനുവാദം നൽകുകയുള്ളൂ.’- ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കോവിഡ് -19 വാക്സിനേഷൻ പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉദ്ധരിച്ചുകൊണ്ട് മന്ത്രാലയം പറഞ്ഞു.
കോവിഡ് കർമ സമിതി അധ്യക്ഷൻ ഡോ. എൻ.കെ. അറോറയും ഇത്തരം ആരോപണങ്ങൾക്കെതിരേ രംഗത്തെത്തിയിരുന്നു. പോളിയോ വാക്സിൻ നൽകുമ്പോൾ, വാക്സിൻ സ്വീകരിക്കുന്ന കുട്ടികൾക്ക് ഭാവിയിൽ വന്ധ്യത ഉണ്ടായേക്കുമെന്ന് ഇന്ത്യയിലും വിദേശത്തും തെറ്റായ പ്രചാരണമുണ്ടായിരുന്നുവെന്ന് അറോറ ചൂണ്ടിക്കാട്ടി. എല്ലാ വാക്സിനുകളും കൃത്യമായ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നതാണെന്നും വാക്സിനുകൾക്കൊന്നും ഇത്തരത്തിലുള്ള പാർശ്വഫലങ്ങളില്ലെന്നും ഡോ. അറോറ ഉറപ്പ് നൽകി.