ന്യൂയോര്‍ക്ക്: കൊവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നേട്ടവുമായി മരുന്നുകമ്പനിയായ ഫൈസര്‍. ഫൈസര്‍ വികസിപ്പിച്ച വാക്സിന്‍ 90 ശതമാനവും ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടു. തിങ്കഴാഴ്ചയാണ് കമ്പനി പ്രസ്താവന ഇറക്കിയത്. ഫൈസറും ജര്‍മ്മന്‍ പാര്‍ട്ട്ണറുമായ ബയോടെക് എസ്ഇയും കൂടെ ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്. വലിയ രീതിയില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി പരീക്ഷണം വിജയമാണെന്ന് അവകാശപ്പെടുന്ന ആദ്യത്തെ കമ്പനിയാണ് ഫൈസര്‍. മൂന്നാംഘട്ട പരീക്ഷണവും പൂര്‍ത്തിയാക്കിയ ശേഷമാണ് കമ്പനിയുടെ അവകാശവാദം.
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ യൂറോപ്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഉയര്‍ച്ചയുണ്ടായി. പെട്രോള്‍ വിലയും വര്‍ധിച്ചു. രണ്ടാമത്തെ രണ്ട് ഡോസ് എടുത്ത് ഏഴ് ദിവസത്തിന് ശേഷവും ഒന്നാമത്തെ ഡോസിന് 28 ദിവസം ശേഷവും പരീക്ഷണത്തിന് വിധേയമായവരില്‍ വൈറസില്‍ നിന്ന് സംരക്ഷണം ലഭിച്ചതായി കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ആദ്യഘട്ട ഫലം പുറത്തുവരുമ്പോള്‍ വാക്സിന്‍ 90 ശതമാനവും വിജയകരമാണെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബൗര്‍ല പ്രസ്താവനയില്‍ പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയെ ലോകം മറികടക്കുന്നതിന് തൊട്ടടുത്തെത്തിയെന്നും നിര്‍ണായമായ നാഴികക്കല്ലാണ് നേടിയതെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്, അമേരിക്ക രാജ്യങ്ങളില്‍ കൊവിഡ് വീണ്ടും വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഫൈസര്‍ നിര്‍ണായക നേട്ടമുണ്ടായിരിക്കുന്നത്. 2020ല്‍ ലോകത്താകമാമം 50 ദശലക്ഷം ഡോസും 2021ല്‍ 1.3 ബില്ല്യണ്‍ ഡോസും വാക്സിന്‍ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. വാക്സിന്‍ വികസിപ്പിച്ചെന്ന് റഷ്യ അവകാശപ്പെട്ടിരുന്നെങ്കിലും ലോകത്താകമാനമുള്ള സ്വീകാര്യത ലഭിച്ചിരുന്നില്ല.