തിരുവനന്തപുരം : കോവിഡ് വാക്സിൻ വിതരണത്തിലെ പ്രശ്നങ്ങള്‍ക്കു പരിഹാരവുമായി സര്‍ക്കാര്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ആരും തിരക്കു കൂട്ടേണ്ട കാര്യമില്ലെന്നും സംസ്ഥാനത്തു നിലവില്‍ വാക്സിൻ സ്റ്റോക്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തിരക്കു കുറയ്ക്കുന്നതിന് സ്പോട്ട് റജിസ്‌ട്രേഷനില്‍ ടോക്കണ്‍ സംവിധാനം നടപ്പിലാക്കും. സ്പോട്ട് രജിസ്‌ട്രേഷന്‍ ഉച്ചയ്ക്കു മുന്‍പ് 50 ശതമാനമായും ഉച്ച കഴിഞ്ഞ് 50 ശതമാനമായും വിഭജിക്കും. ഓണ്‍ലൈന്‍ ആയി സന്ദര്‍ശനസമയം എടുത്തു വരുന്നവര്‍ക്കും നേരിട്ടു വരുന്നവര്‍ക്കും നിശ്ചിത എണ്ണം അനുവദിക്കും. പരമാവധി പോര്‍ട്ടലില്‍ ബുക്ക് ചെയ്തു വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തണം.
കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും മിക്ക ജില്ലകളിലും ബുക്കിങ്ങിനായി ഓണ്‍ലൈന്‍ സ്ലോട്ടുകള്‍ ലഭ്യമല്ലെന്നും പരാതി ഉണ്ട്.
അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധ വളരെ വേഗത്തില്‍ കുറയുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.കഴിഞ്ഞ ഒരാഴ്ചക്കിടെ 13 ശതമാനം കുറവാണ് രോഗബാധിതരില്‍ ഉണ്ടായിരിക്കുന്നത്. ഒരു മാസം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ 30 ശതമാനത്തോളം കുറവു വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ഇന്നലെ 2616 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസര്‍ഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 99 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,041 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,17,13,060 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4255 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 181 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 325, കൊല്ലം 253, തൃശൂര്‍ 241, എറണാകുളം 207, കോട്ടയം 218, ആലപ്പുഴ 217, തിരുവനന്തപുരം 147, കണ്ണൂര്‍ 154, മലപ്പുറം 158, പത്തനംതിട്ട 118, കാസര്‍ഗോഡ് 106, വയനാട് 82, പാലക്കാട് 42, ഇടുക്കി 71 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 5, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് 3 വീതം, തിരുവനന്തപുരം, എറണാകുളം 2 വീതം, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4156 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 223, കൊല്ലം 262, പത്തനംതിട്ട 320, ആലപ്പുഴ 226, കോട്ടയം 531, ഇടുക്കി 62, എറണാകുളം 627, തൃശൂര്‍ 357, പാലക്കാട് 81, മലപ്പുറം 322, കോഴിക്കോട് 558, വയനാട് 97, കണ്ണൂര്‍ 303, കാസര്‍ഗോഡ് 187 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 44,441 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,20,671 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,89,112 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,82,469 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6643 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 680 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.