പോര് മറുകുന്നു; ഇ.ഡിക്കെതിരെ കേസെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ തുറന്നപോരിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കിഫ്ബി ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) കേസെടുക്കും.

സിഇഒയുടെ പരാതിയിലാണ് കേസെടുക്കുക. തുടര്‍ നടപടികള്‍ വൈകാതെയുണ്ടാകുമെന്നാണ് അറിയുന്നത്. കിഫ്ബി സിഇഒ ചോദ്യം ചെയ്യലിനും ഹാജരാകില്ല. ഇഡി ഉദ്യോഗസ്ഥര്‍ കിഫ്ബിയിലെ വനിതകള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോടു അപമര്യാദയായി പെരുമാറിയെന്ന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

മാന്യതയുടെ അതിരു ലംഘിക്കുന്ന പെരുമാറ്റമാണ് ഇഡി ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായത്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായാല്‍ അതിനിരയാകുന്നവര്‍ക്കു സംരക്ഷണം നല്‍കാന്‍ നാട്ടില്‍ നിയമമുണ്ടെന്നും പിണറായി പറഞ്ഞു.

അധികാരം ദുര്‍വിനിയോഗം ചെയ്ത് ഭയപ്പെടുത്തി വരുതിയിലാക്കിയ കോണ്‍ഗ്രസ് നേതാക്കളെ അന്വേഷണ ഏജന്‍സികള്‍ കണ്ടിട്ടുണ്ടാകും. ആ പരിപ്പ് ഇവിടെ വേകില്ല. അത്തരം വിരട്ടു കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യം നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.