അബുദാബി: യുഎഇയില്‍ കോവിഡ് 19 ബാധിതരായ ആറു പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതില്‍ ഒരു മലയാളിയുമുണ്ട്. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി നിസാര്‍ അലി (45) ആണു മരിച്ച മലയാളി. 2,348 പേര്‍ കോവിഡ്19 മുക്തരായതായും 2,172 പേര്‍ക്കു രോഗം ബാധിച്ചതായും ആരോഗ്യ -രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ആകെ രോഗികള്‍ 4,44,398. രോഗമുക്തി നേടിയവര്‍-4,27,188. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍-15,759. ആകെ മരണസംഖ്യ-1,451. മേഖലകളില്‍ 14 ദിവസത്തിലൊരിക്കല്‍ പിസിആര്‍ പരിശോധന നടത്തണം
യുഎഇയിലെ 5 മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 14 ദിവസം കൂടുമ്പോള്‍ കോവിഡ് പിസിആര്‍ പരിശോധന ഈ മാസം 28 മുതല്‍ നിര്‍ബന്ധമാണെന്ന് അധികൃതര്‍ പറഞ്ഞു. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ഗതാഗതം, ആരോഗ്യ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും ഇസ്തിരിക്കട, ബ്യൂട്ടി-ഹെയര്‍ സലൂണ്‍ എന്നിവയടങ്ങുന്ന സാമൂഹികവും സ്വകാര്യവുമായ സേവനങ്ങള്‍ ചെയ്യുന്നവര്‍ക്കുമാണു പരിശോധന നിര്‍ബന്ധമാക്കിയത്. എന്നാല്‍ പ്രതിരോധ കുത്തിവയ്പ്(വാക്‌സിനേഷന്‍) നടത്തിയവര്‍ക്ക് ഇതു ബാധകമല്ല.
2,09,079 പേര്‍ക്കു കൂടി പരിശോധന നടത്തിയതോടെ രാജ്യത്തെ ആകെ കോവിഡ് പരിശോധന 35.5 ദശലക്ഷം കവിഞ്ഞതായി അധികൃതര്‍ പറഞ്ഞു. അതേസമയം, കോവിഡ് പ്രതിരോധ കുത്തിവയ്പ്(വാക്‌സിനേഷന്‍) വ്യാപകമായി നടന്നുവരുന്നു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ തുടര്‍ന്നുകൊണ്ട് രോഗപ്രതിരോധ നടപടികളും ഊര്‍ജിതമായി നടക്കുന്നു. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന വിവിധ എമിറേറ്റുകളില്‍ ശക്തമായി തുടരുന്നുണ്ട്. നിയമലംഘകര്‍ക്കു പിഴ ചുമത്തുകയും സ്ഥാപനങ്ങള്‍ അടപ്പിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തുവരുന്നു. ദുബായ് സാമ്പത്തിക വകുപ്പിലെ കമേഴ്‌സ്യല്‍ കോംപ്ലെയന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗം എമിറേറ്റില്‍ പരിശോധനകള്‍ ശക്തമായി തുടരുന്നതായി അറിയിച്ചു.
കോവിഡ് പ്രതിരോധ നിരയില്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്‌നം പാഴാക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. എല്ലാവരും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണം. സാമൂഹിക അകലം പാലിക്കുകയും കൂട്ടായ്മകളും സംഗമങ്ങളും ഒഴിവാക്കുകയും വേണമെന്നും നിര്‍ദേശിച്ചു. ഇല്ലെങ്കിലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ പ്രയത്‌നത്തിന് വിലയില്ലാതായിപ്പോകുമെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബായ് കണ്‍സ്യൂമര്‍ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ,Consumerrights.ae വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ വിവരം അധികൃതരെ അറിയിക്കണം.