ആശ്വാസം,സംസ്ഥാനത്ത് ഇന്ന്2 പേര്‍ക്ക് മാത്രം കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് നിന്നുള്ളയാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. കാസര്‍ഗോഡ് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് 14 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 4 പേരുടേയും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 383 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 111 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,711 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 20,285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 95 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 25,973 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 25,135 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 1508 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 897 സാമ്പിളുകള്‍ നെഗറ്റീവായി. സമൂഹത്തില്‍ കോവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 3128 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 3089 എണ്ണം നെഗറ്റീവ് ആണ്. ഇതില്‍ പോസിറ്റീവായ 4 ഫലങ്ങളാണ് ഇന്നലെവരെ പ്രഖ്യാപിച്ചത്. പുന:പരിശോധനയ്ക്കായി നിര്‍ദേശിച്ച 14 സാമ്പിളുകള്‍ ലാബുകളില്‍ പരിശോധിച്ച് വരികയാണ്. ഇതുകൂടാതെ ലാബുകള്‍ തിരസ്‌കരിച്ച 21 സാമ്പിളുകളും ലാബുകള്‍ പുന:പരിശോധനയ്ക്കായി നിര്‍ദേശിച്ചിട്ടുണ്ട്.
പുതുതായി 4 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ഓച്ചിറ, തൃക്കോവില്‍വട്ടം, കോട്ടയം ജില്ലയിലെ ഉദയനാപുരം, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ചില ഹോട്ട് സ്‌പോട്ടുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 70 ആയി.
സംസ്ഥാനത്ത് തങ്ങുന്ന അതിഥി തൊഴിലാളികളെ നാട്ടിലേക്ക് മടക്കി അയയ്ക്കാന്‍ ബസ് ഉപയോഗിയ്ക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രത്തെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ ആണ് പ്രായോഗികം. തൊഴിലാളികള്‍ക്ക് ആരോഗ്യ സംവിധാനവും ഭക്ഷണം വെള്ളം എന്നിവ ക്രമീകരിയ്‌ക്കേണ്ടതുണ്ട്.