മലപ്പുറത്ത് സ്ഥിതി അതീവ ഗുരുതരം; 454 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ 454 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ 400-ന് മുകളില്‍ കൊവിഡ് രോഗികള്‍ സ്ഥിരീകരിച്ച ദിവസമാണിന്ന്. ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത അനിവാര്യമായിരിക്കുകയാണ്. സര്‍ക്കാര്‍ വകുപ്പുകളോടൊപ്പം രോഗം തടയുന്നതിനായി കൂട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അനാവശ്യമായി ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

രോഗം സ്ഥിരീകരിച്ചവരില്‍ 428 പേര്‍ക്കും സന്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നതും ആശങ്കാജനകമാണ്. ഇതില്‍ 12 ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 27 പേര്‍ക്ക് ഉറവിടമറിയാതെയും 401 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സന്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 20 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇപ്പോള്‍ 42,935 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. അതേ സമയം 240 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. ഇതുവരെ 4,537 പേരാണ് വിദഗ്ധ ചികിത്സക്കുശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

42,935 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,154 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 290 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,761 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇതുവരെ ആര്‍ടിപിസിആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 1,846 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News