മുംബൈ: കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ചൈനയെയും മറികടന്ന് മഹാരാഷ്ട്ര. സംസ്ഥാനത്ത് 85,975 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് പ്രകാരം കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ ഇതുവരെ സ്ഥിരീകരിച്ചത് 84,186 കേസുകളാണ്. 4,638 പേര്‍ മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,007 പുതിയ കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 91 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 3,060 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ കൊവിഡ്ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. നിലവില്‍ 43,591 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്.
സംസ്ഥാന തലസ്ഥാനമായ മുംബൈയില്‍ മാത്രം 1,421 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ 48,549 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 25,717 പേരാണ് ഇപ്പോള്‍ ചികിത്സയിലുളളത്. 1,636 പേര്‍ മുംബൈയില്‍ മരിച്ചു.
അതേസമയം ഇന്ത്യയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിനു മുകളില്‍ തുടരുകയാണ്. 24 മണിക്കൂറിനിടെ 10,884 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,57,486 ആയി. 261 പേര്‍ കൂടി മരിച്ചതോടെ കൊവിഡ് മരണസംഖ്യ 7,207 ആയി ഉയര്‍ന്നു. രോഗമുക്തരായവരുടെ എണ്ണം 1,23,848 ആയി. നിലവില്‍ 1,26,418 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
തമിഴ്‌നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 31,667 ആയി. മരണം 272. രോഗം ഭേദമായവര്‍ 16,999. പുതുതായി 1,515 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 18 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1,282 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 51 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 28,936 ആയും മരണസംഖ്യ 812 ആയും ഉയര്‍ന്നു.
ഗുജറാത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 20,097 ആയി. മരണം 1,249. ഇതുവരെ 13,643 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജസ്ഥാനില്‍ 10,599 പേര്‍ക്ക് രോഗംബാധിച്ചതില്‍ 240 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ രോഗം ബാധിച്ചവര്‍ 10,536. മരണം 275. രോഗം ഭേദമായവര്‍ 6,185. മധ്യപ്രദേശില്‍ ഇതുവരെ 9,401 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ആകെ മരണം 412.