ന്യൂഡല്‍ഹി: രാജ്യത്ത് കാവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 54,00,620 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 92,605 പേര്‍ക്കാണ് പുതിയതായി കൊവിഡ് പോസിറ്റീവായത്. 1,133 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് 86,752 പേര്‍ കൊവിഡ് മൂലം മരണത്തിന് കീഴടങ്ങുകയും ചെയ്തു.
കൊവിഡ് ബാധിതരായിരുന്ന 43,03,044 പേര്‍ രോഗമുക്തി നേടി. 10,10,824 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോഴും ചികിത്സയിലാണ്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ളത്.
അതേസമയം കൊവിഡ് രൂക്ഷമായിരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രിയുടെ അവലോകനയോഗം. ബുധനാഴ്ചയാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് യോഗം ചേരുന്നത്.