ന്യൂഡല്‍ഹി കഴിഞ്ഞ 24 മണിക്കൂറിനിടെ, 2,350 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് കോവിഡില്‍ നിന്നും മുക്തി നേടിയവരുടെ ആകെ എണ്ണം 39,174 ആയി. അതായത്, രാജ്യത്തെ കോവിഡ് ബാധിതരുടെ ഇടയിലെ രോഗമുക്തി നിരക്ക് 38.73 ശതമാനം ആയി ഉയര്‍ന്നിട്ടുണ്ട്. നിരക്കില്‍ തുടര്‍ച്ചയായ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
നിലവില്‍ രാജ്യത്ത് 58,802 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ തന്നെ 2.9 ശതമാനം മാത്രമാണ് ICU ല്‍ കഴിയുന്നത്.
ലക്ഷം പേരിലെ മരണനിരക്കിന്റെ കാര്യത്തില്‍ ആഗോളനിലയേക്കാള്‍ ഭേദപ്പെട്ട നിലയിലാണ് ഇന്ത്യ. രാജ്യത്ത് ഇതുവരെയുള്ള കണക്ക് പ്രകാരം, ഒരുലക്ഷം പേരില്‍ 0.2 പേര്‍ കോവിഡ് മൂലം മരണമടയുമ്പോള്‍, ആഗോളതലത്തില്‍ 4.1 പേരാണ് മരണമടയുന്നത്.
കോവിഡ് കേസുകള്‍ നേരത്തെ തിരിച്ചറിഞ്ഞ്, ആവശ്യമായ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഇന്ത്യയിലെ ഈ കുറഞ്ഞ മരണനിരക്ക്.
പരിശോധന
ഇന്നലെ മാത്രം 1,08,233 സാമ്പിളുകളാണ് രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതൊരു റെക്കോര്‍ഡാണ്. വിവിധ ലാബുകളിലായി 24,25,742 സാമ്പിളുകളില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ട്.
പരിശോധനാ സൗകര്യങ്ങളില്‍ വലിയതോതിലുള്ള പുരോഗതിയാണ് കുറഞ്ഞകാലം കൊണ്ട് രാജ്യം നേടിയിരിക്കുന്നത്. ഈ ജനുവരിയില്‍ രാജ്യത്ത്, ഒരു ലബോറട്ടറിയില്‍ മാത്രമാണ് കോവിഡ് പരിശോധന സൗകര്യം ഉണ്ടായിരുന്നതെങ്കില്‍, നിലവില്‍ 385 സര്‍ക്കാര്‍ ലാബുകളിലും, 158 സ്വകാര്യ ലാബുകളിലും കോവിഡ് പരിശോധന നടത്താവുന്നതാണ്.
കോവിഡ് 19 പരിശോധനയുമായി ബന്ധപ്പെട്ട് ആരോഗ്യകുടുംബക്ഷേമമന്ത്രാലയം പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. മുമ്പുള്ളതിനു പുറമെ, കൂടുതല്‍പ്പേരെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് പുതിയ പരിശോധനാ നയം. ഇത് പ്രകാരം, കോവിഡ് നിര്‍ണയ-നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന മുന്നണിപ്പോരാളികള്‍, ILI ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന ആശുപത്രി ചികിത്സയില്‍ കഴിയുന്നവര്‍, സ്വദേശത്തേക്ക് മടങ്ങിയെത്തിയ ILI ലക്ഷണങ്ങള്‍ പ്രകടമാക്കുന്നവര്‍, കുടിയേറ്റത്തൊഴിലാളികള്‍ എന്നിവരും ഇനിമുതല്‍ രോഗപരിശോധന പരിധിയില്‍ ഉള്‍പ്പെടും.