FeaturedKeralaNews

എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷാ കേന്ദ്രമാറ്റത്തിനായി ഓണ്‍ലൈനായി അപേക്ഷിയ്ക്കാം,വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം:എസ്.എസ്.എല്‍.സി/ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓണ്‍ലൈനായി അപേക്ഷിക്കാം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണ്‍ കാരണം നിലവിലെ പരീക്ഷാകേന്ദ്രങ്ങളില്‍ തുടര്‍ന്നുള്ള പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റല്‍, പ്രീ മെട്രിക്/ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, സ്പോര്‍ട്സ് ഹോസ്റ്റല്‍, സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍ എന്നിവിടങ്ങളിലെ താമസക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സംവിധാനം ലഭ്യമാകാത്ത സാഹചര്യത്തില്‍ സൗകര്യപ്രദമായ കേന്ദ്രങ്ങള്‍ ലഭ്യമാക്കുന്നതിനും ഗള്‍ഫിലും ലക്ഷദ്വീപിലും അടിയന്തര ഘട്ടങ്ങളില്‍ മറ്റ് ജില്ലകളിലും പെട്ടുപോയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്നുള്ള പരീക്ഷകള്‍ക്ക് സൗകര്യപ്രദമായ സ്‌കൂളുകള്‍ പരീക്ഷാകേന്ദ്രങ്ങളായി തെരഞ്ഞെടുക്കുന്നതിനുമാണ് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നത്.

ജില്ലകള്‍ക്കകത്തുള്ള പരീക്ഷാകേന്ദ്രമാറ്റം അനുവദനീയമല്ല. ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിക്കുന്ന സബ്ജക്ട് കോമ്പിനേഷന്‍ നിലവിലുള്ള സ്‌കൂളുകള്‍ മാത്രമേ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കാന്‍ സാധിക്കൂ. ഓണ്‍ലൈന്‍ അപേക്ഷകള്‍ മെയ് 19 മുതല്‍ 21 ന് വൈകിട്ട് അഞ്ചു മണി വരെ സമര്‍പ്പിക്കാം. അപേക്ഷകളുടെ സാധുതയും പരീക്ഷയ്ക്ക് ആവശ്യമായ സൗകര്യങ്ങളും കേന്ദ്രീകൃതമായി ഉറപ്പാക്കി അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പരീക്ഷാകേന്ദ്രം അനുവദിച്ചു. ലിസ്റ്റ് മെയ് 23ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

അപേക്ഷിക്കുന്ന പരീക്ഷാകേന്ദ്രം അനുവദിക്കാനായില്ലെങ്കില്‍ ജില്ലയിലെ സൗകര്യപ്രദമായ മറ്റൊരു കേന്ദ്രം അനുവദിക്കും.

എസ്.എസ്.എല്‍.സി/ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാകേന്ദ്രങ്ങള്‍ക്ക് യഥാക്രമം https://sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.kerala.gov.in വെബ്സൈറ്റുകളിലെ Application for Centre Change എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിക്കുന്ന മീഡിയമുള്ള പരീക്ഷാകേന്ദ്രമാണ് തെരഞ്ഞെടുക്കേണ്ടത്. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ലഭ്യമായ കോഴ്സ് വിവരങ്ങള്‍ www.hscap.kerala.gov.in ലെ School List എന്ന മെനുവില്‍ ലഭിക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ലഭ്യമായ കോഴ്സ് വിവരങ്ങള്‍ മാതൃസ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ബന്ധപ്പെട്ട് ഉറപ്പാക്കണം.

ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നും അപേക്ഷിക്കുന്നവര്‍ ജില്ലയില്‍ തങ്ങള്‍ പഠിക്കുന്ന കോഴ്സുകള്‍ ലഭ്യമായ പരീക്ഷാകേന്ദ്രം കണ്ടെത്തി വേണം ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അതേ വിഭാഗത്തിലുള്ള സ്പെഷ്യല്‍ സ്‌കൂളുകള്‍ മാത്രമേ തെരഞ്ഞെടുക്കാവൂ. ഐ.എച്ച്.ആര്‍.ഡി, ടി.എച്ച്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളും ജില്ലയിലെ അതേ വിഭാഗം സ്‌കൂളുകള്‍ മാത്രമേ മാറ്റത്തിനായി തെരഞ്ഞെടുക്കാവൂ. എഎച്ച്എസ്എല്‍സി, ആര്‍ട്സ് എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാകേന്ദ്രമാറ്റം അനുവദനീയമല്ല. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തെ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അതത് വെബ്സൈറ്റുകളില്‍ ലഭ്യമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker