തിരുവനന്തപുരം : കഴിഞ്ഞ ഒരാഴ്ചയിലേറെയായി തിരുവനന്തപുരത്ത് ആയിരത്തിനു താഴെയാണ് പ്രതിദിന രോഗികളുടെ എണ്ണം. എന്നാൽ ജില്ലയിൽ വേണ്ടത്ര പരിശോധന നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ 5591 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ ദിവസങ്ങളിലെ രോഗമുക്തരുടെ എണ്ണം 7341. ജില്ലയിലെ ആകെ രോഗമുക്തി നിരക്ക് 79 ശതമാനത്തിലെത്തി നില്‍ക്കുന്നു. സംസ്ഥാന ശരാശരി 72 ആണ്. സംസ്ഥാനത്തുതന്നെ രോഗമുക്തി നിരക്ക് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ ജില്ലയും തിരുവനന്തപുരമാണെന്ന് ജില്ലാഭരണകൂടം പറയുന്നു.
എന്നാൽ വരും ദിവസങ്ങളിൽ ജാഗ്രത തുടർന്നില്ലെങ്കിൽ വീണ്ടും പഴയ അവസ്ഥയിലേക്ക് നീങ്ങുമെന്ന് ജില്ലാ കളക്ടർ നവജ്യോത് ഖോസ അറിയിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ മാർക്കറ്റുകൾ, ഓട്ടോ സ്റ്റാൻഡുകൾ, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിൽ കൊറോണ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.