ന്യൂഡല്‍ഹി :രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെ അനുയോജ്യമായ പെരുമാറ്റം സ്വീകരിക്കണമെന്നും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും രാജ്യത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
വെര്‍ച്വല്‍ മീറ്റിങ്ങില്‍ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ, മെഡന്റ ചെയര്‍മാന്‍ ഡോ. നരേഷ് ട്രഹാന്‍, എയിംസ് മെഡിസിന്‍ എച്ച്‌ഒഡിയും പ്രൊഫസറുമായ ഡോ. നവീത് വിഗ്, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ ഡോ. സുനില്‍ കുമാര്‍ എന്നിവരാണ് യോഗം ചേര്‍ന്നത്.
മുംബൈയില്‍ മാര്‍ച്ച് 30 ന് ശേഷം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുകൊണ്ട് കോവിഡ് വ്യാപനത്തില്‍ വലിയ കുറവാണുണ്ടായതെന്നും അതിനാല്‍ കോവിഡിനെ നേരിടാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കോവിഡ് വ്യാപനത്തെ തടയാന്‍ ഒരു പരിധി വരെ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും ജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
വാക്‌സിനുകളെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഗുരുതരമായ പാപര്‍ശ്വഫലങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കോവിഡിനെതിരെ പോരാടാന്‍ വാക്‌സിന്‍ സാഹായിക്കുമെന്നും ഡോ. സുനില്‍ കുമാര്‍ പറഞ്ഞു.
അതിനിടെ കൊവിഡ് പ്രതിസന്ധി രൂക്ഷമാക്കി രാജ്യത്തെ പ്രതിദിന കുതിപ്പ് തുടരുന്നു. 24 മണിക്കൂറിനുള്ളില്‍ 3,46,786 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 2,624 പേര്‍ മരിച്ചു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, കേരളം, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലാണ് 74.15 ശതമാനം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലും യു.പിയിലും റെക്കാഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രാജ്യത്ത് ചികിത്സയിലുള്ളവര്‍ 26 ലക്ഷത്തോടടുത്തു. ഇതില്‍ 66.66 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത്, കേരളം എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ്. പുതിയ മരണങ്ങളില്‍ 82.28 ശതമാനവും മഹാരാഷ്ട്ര, ഡല്‍ഹി ഉള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ്.
24 മണിക്കൂറില്‍ 2,19,838 പേര്‍ രോഗമുക്തരായി – 83.49%. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലഡാക്ക്, ദാദ്ര നഗര്‍ ഹവേലി ആന്‍ഡ് ദാമന്‍ ദിയു, ത്രിപുര, മേഘാലയ, മിസോറം, ലക്ഷദ്വീപ്, സിക്കിം, മണിപ്പൂര്‍, നാഗാലാന്‍ഡ്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപ് അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ പുതിയ കൊവിഡ് മരണങ്ങളില്ല.