തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുമോ എന്ന് ഇന്നറിയാം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ശനിയാഴ്ച നടക്കേണ്ട യോഗം മുഖ്യമന്ത്രിയുടെ തിരക്കുകളെ തുടര്‍ന്ന് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കുറയാത്ത സാഹചര്യത്തില്‍ നേരിയ ഇളവുകളോടെ നിലവിലുള്ള രീതിയില്‍ ഒരാഴ്ച കൂടി ലോക്ഡൗണ്‍ നിയന്ത്രണം തുടരാനാണു സാധ്യത. നിലവില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ അടുത്ത ബുധനാഴ്ച വരെയാണ്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജീവിത മാര്‍ഗത്തെ ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെ നിവേദനങ്ങള്‍ സര്‍ക്കാരിന് മുന്നിലുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണമെന്ന് വാദിക്കുന്നവരും കൂടി വരികയാണ്. എന്നാല്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറയാതെ നില്‍ക്കുന്നതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്.