അര്‍ജുന്‍ അശ്ലീല വീഡിയോകള്‍ക്ക് അടിമ; ആറു വയസുകാരിയെ മൂന്നുവര്‍ഷം നിരന്തരം പീഡിപ്പിച്ചു

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയെ മൂന്നു വര്‍ഷമായി പീഡിപ്പിച്ചിരുന്നു എന്ന് പ്രതി അര്‍ജുന്‍ പോലീസിന് മൊഴി നല്‍കി. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു എന്ന് പോലീസ് പറഞ്ഞു. പ്രതി അര്‍ജുനെയും കൊണ്ട് പോലീസ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ കുട്ടിയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.

അര്‍ജുന്‍ അശ്ലീല വീഡിയോകള്‍ക്ക് അടിമയാണെന്ന് പോലീസ് അറിയിച്ചു. കുട്ടി നിരന്തരം ലൈംഗികമായി ചൂഷണത്തിന് വിധേയയായിട്ടുണ്ട് എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായ 22 കാരന്‍. കുട്ടിയുടെ വീട്ടില്‍ എപ്പോഴും കടന്നു ചെല്ലുന്നതിനുളള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കള്‍ രാവിലെ തന്നെ ജോലിക്കു പോകുന്ന സാഹചര്യവും മുതലെടുത്തായിരുന്നു ചൂഷണമെന്ന് പോലീസ് പറഞ്ഞു.

വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്റ്റേറ്റ് സ്വദേശികളുടെ മകളാണ് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരി. കഴിഞ്ഞ മാസം 30ന് ലയത്തിലെ മുറിയില്‍ കെട്ടിയിട്ടിരുന്ന കയറില്‍ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 30ന് അര്‍ജുന്‍ വീട്ടില്‍ എത്തി ഉപദ്രവിക്കുന്നതിനിടെ പെണ്‍കുട്ടി കരഞ്ഞു.

ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ വായപൊത്തി. ഇതിനിടെ പെണ്‍കുട്ടി ബോധരഹിതയായി വീണു. അനക്കമറ്റു കിടന്ന കുട്ടി മരിച്ചു എന്ന് കരുതിയ ഇയാള്‍ മുറിക്കുള്ളിലെ കയറില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് മുറിയുടെ വാതില്‍ അകത്തുനിന്നും അടച്ചശേഷം ജനല്‍വഴി പുറത്തിറങ്ങി.

കളിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കുരുങ്ങി മരിച്ചു എന്നു വരുത്തിതീര്‍ക്കാനാണ് പ്രതി ശ്രമിച്ചതെന്ന് പോലീസ് സൂചിപ്പിച്ചു. കുട്ടിയുടെ മരണം വിവരം പുറത്തു വന്നതോടെ ഇയാള്‍ പൊട്ടിക്കരയുകയും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News