തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണം സ്ഥിരീകരിക്കുന്നത് വേഗത്തിലാക്കാന്‍ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂൺ 15 ഓടെ സോഫ്റ്റ്‌വെയർ സഹായത്തോടെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത് ആരംഭിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ മരണകാരണം സ്ഥിരീകരിച്ച് കുടുംബത്തെ വിവരം അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടിപിആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കർശനമായി നിയന്ത്രിക്കും. ഹോട്ടലുകളിൽ ശനി, ഞായർ ദിവസങ്ങളിൽ ടേക്ക് എവേ സംവിധാനം അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമേ അനുവദിക്കു. ഐസൊലേഷൻ സൗകര്യം ഇല്ലാത്ത വീടുകളിൽ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ രോഗിയെ നിർബന്ധമായും ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റണം.
ചില സ്വകാര്യ അൺ എയ്ഡഡ് വിദ്യാലയങ്ങൾ അമിത ഫീസ് ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫീസ് അടക്കാത്ത വിദ്യാർഥികളെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുപ്പിക്കുന്നില്ല. കുട്ടികളുടെ പഠനം നിഷേധിക്കുന്ന രീതി അനുവദിക്കില്ല. ഈ വിഷയം പരിശോധിച്ച് കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.