KeralaNews

ഓടാമ്പല്‍ ലോക്കിന് സ്വന്തം സാങ്കേതികവിദ്യ, ഒളിയ്ക്കാൻ വാതിൽപ്പുറകിൽ പെട്ടി,ശുചിമുറിയിൽ പോകാൻ പ്രത്യേക ജനൽ, 10 വര്‍ഷം പ്രണയിനിയെ സ്വന്തം വീട്ടില്‍ ഒളിപ്പിച്ചത് ഇങ്ങനെ

പാലക്കാട്:10 വര്‍ഷത്തോളം സ്വന്തം വീട്ടില്‍ യുവതിയെ ഒളിപ്പിച്ചു താമസിപ്പിച്ച യുവാവിന്റെ കഥ അവിശ്വസനീയതോടെയാണ് കേരളം കേട്ടത്. സ്വന്തം വീട്ടുകാരോ തൊട്ടയല്‍വാസികളോ അറിയാതെ ഇത്രയും നീണ്ട കാലയളവ് ഒരു സ്ത്രീയെ എങ്ങനെ ഒരു ചെറിയ മുറിക്കുള്ളില്‍ ഇയാള്‍ ഒളിച്ചുതാമസിപ്പിച്ചു എന്ന് നാല് കോണുകളില്‍ നിന്നും ചോദ്യവും സംശയവുമുയര്‍ന്നു. പക്ഷേ ഇവര്‍ പറയുന്ന കഥ വിശ്വസിക്കുകയല്ലാതെ മറ്റുമാര്‍ഗമൊന്നുമില്ലെന്ന് പറയുകയാണ് സംഭവം അന്വേഷിച്ച പൊലീസും. സംഭവത്തെക്കുറിച്ച് നെന്മാറ എസ്‌ഐ നൗഫൽ മാധ്യമങ്ങളോട് വിശദീകരിച്ചതിങ്ങനെ.

പാലക്കാട് ജില്ലയിലെ നെന്മാറയിലെ അരിയൂരിനടുത്തുള്ള കാരയ്ക്കാട്ടുപറമ്പ് എന്ന ഉള്‍ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കാര്യമൊന്നുമുണ്ടായില്ല. കാണാതാകുമ്പോള്‍ പെണ്‍കുട്ടിക്ക് 19 വയസ്സാണ് പ്രായം.പൊലീസ് ഏറെ അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല.അന്ന് ഈ യുവാവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അവസാനം, പൊലീസും വീട്ടുകാരും അന്വേഷണം അവസാനിപ്പിച്ചു. വര്‍ഷങ്ങള്‍ പിന്നിട്ട് പെണ്‍കുട്ടിയെക്കുറിച്ചുള്ള ഓര്‍മകള്‍ വീട്ടുകാരടക്കം മറക്കുന്നതിനിടെയാണ് സംഭവത്തില്‍ സിനിമാ ക്ലൈമാക്‌സിനെ വെല്ലുന്ന ട്വിസ്റ്റ് ഉണ്ടാകുന്നത്.

യുവാവും യുവതിയും ഇരു വിഭാഗത്തില്‍പ്പെട്ടതായിരുന്നു. അന്ന് യുവതിക്കും 19 വയസ്സ്. യുവാവിന് 24ഉം. ഇരുവരും അയല്‍വാസികള്‍. യുവാവിന്റെ വീട്ടില്‍ നിന്ന് ഏകദേശം നൂറുമീറ്റര്‍ അകലെയാണ് യുവതിയുടെ വീട്. പ്രണയം വീട്ടില്‍ പറയാനുള്ള ധൈര്യം ഇരുവര്‍ക്കുമുണ്ടായില്ല. അങ്ങനെയാണ് പെണ്‍കുട്ടിയെ ഇയാള്‍ ആരുമറിയാതെ വീട്ടിനുള്ളിലെ മുറിയില്‍ എത്തിക്കുന്നത്. തുടക്കത്തില്‍ യുവാവും മുറിവിട്ട് പുറത്തിറങ്ങിയില്ല. തന്റെ മുറിയിലേക്ക് ആരെയും പ്രവേശിപ്പിച്ചതുമില്ല. ഇലക്ട്രിക് ജോലി അറിഞ്ഞിരുന്നതിനാല്‍ വീട്ടുകാരെ ഭയപ്പെടുത്താന്‍ ചില പൊടിക്കൈകളും ചെയ്തു. മാനസിക വിഭ്രാന്തിപോലെ പെരുമാറി. അതോടെ ഇയാളുടെ പ്രവൃത്തികള്‍ വീട്ടുകാര്‍ ചോദ്യം ചെയ്യാതെയായി. എന്നെങ്കിലുമാണ് യുവാവ് പണിക്കു പോകുന്നത്. പണിക്കുപോകാത്ത സമയം മുറിയില്‍ തന്നെ. നാട്ടുകാരില്‍ നിന്നും അകലം പാലിച്ചു. ആരുമറിയാതെ,ആര്‍ക്കും സംശയം തോന്നാതെ ഭക്ഷണവും വെള്ളവുമെല്ലാം തനിക്കാണെന്ന വ്യാജേന ഇയാള്‍ മുറിയില്‍ എത്തിച്ചു. രാത്രി സമയത്ത് ജനല്‍വഴി ശുചിമുറിയില്‍ എത്തിച്ചു.

യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. 10 വര്‍ഷം കുഞ്ഞുവീട്ടില്‍ ഒരു സ്ത്രീയെ ആരുമറിയാതെ താമസിപ്പിച്ചു എന്നത് പൊലീസിനും അവിശ്വസനീയമായിരുന്നു. അധികം സൗകര്യങ്ങളൊന്നുമില്ലാത്ത ചെറിയ ഓടിട്ട വീടാണ് യുവാവിന്റേത്. യുവാവും മാതാവും പിതാവും ഒരു സഹോദരിയും അവരുടെ മകളുമാണ് ഇവിടെ താമസിക്കുന്നത്. ഏറെക്കാലമായി അസ്വാഭാവികമായി പെരുമാറുന്നതിനാല്‍ വീട്ടുകാര്‍ക്ക് ഇയാളോട് തുറന്നിടപെടുന്നതില്‍ ഭയമുണ്ടായിരുന്നു. യുവാവും യുവതിയും പറയുന്നതുപോലെ നടപ്പാക്കാനുള്ള എല്ലാ സൗകര്യവും മുറിയിലൊരുക്കിയിട്ടുണ്ട്. രാത്രി ശുചിമുറിയില്‍ പോകാന്‍ ജനല്‍ പ്രത്യേക രീതിയില്‍ സജ്ജീകരിച്ചിരുന്നു. മുറിയിലേക്ക് പെട്ടെന്ന് ആരെങ്കിലും കയറി വന്നാല്‍ വാതിലിന് പിന്നില്‍ ഒളിച്ചിരിക്കാനുള്ള ചെറിയ പെട്ടി തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നെന്ന് പൊലീസ് പറയുന്നു.

യുവാവും യുവതിയും പറയുന്നതില്‍ യാതൊരു പൊരുത്തക്കേടുകളും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. ഇരുവരും ഒരേ കാര്യങ്ങളാണ് പറയുന്നത്. വീട്ടിലേക്ക് ആളുകള്‍ വന്നതും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാര്‍ത്ഥിയും നേതാക്കളും വോട്ട് ചോദിച്ച് എത്തിയതും എല്ലാം യുവതി കൃത്യമായി പറയുന്നു. വീട്ടിലെ എല്ലാ സംഭവങ്ങളിലും ഇവര്‍ പറയുന്നത് സത്യം. ആരുമില്ലാത്ത സമയത്ത് ജനല്‍ തുറന്ന് പുറത്തേക്ക് നോക്കും. അങ്ങനെ ഒന്നുരണ്ടു തവണ തന്റെ അച്ഛനെയും അമ്മയെയും കണ്ടതായി യുവതി പറയുന്നു. ഏറെ കൃത്യമായതിനാല്‍ യുവതിയുടെ വാക്കുകളാണ് പൊലീസ് മുഖവിലക്കെടുത്തത്.

കഴിഞ്ഞ മൂന്ന് മാസമായി യുവാവിനെയും വീട്ടില്‍ നിന്ന് കാണാതായി. ഈ സംഭവത്തിലും കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അവിചാരിതമായി കാണാതായ യുവാവിനെ സഹോദരന്‍ നെന്മാറയില്‍ വെച്ച് കണ്ടു. ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന യുവാവിനെ ലോറി ഡ്രൈവറായ സഹോദരന്‍ പിന്തുടരുകയും കൊവിഡ് പരിശോധനക്ക് നിയോഗിച്ച പൊലീസിനോട് പിടികൂടാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് ഇയാള്‍ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിലാണ് ഭാര്യയോടൊപ്പം വിത്തനശേരിയിലാണ് താമസിക്കുന്നതെന്ന് യുവാവ് പറഞ്ഞത്. വിവാഹിതനായ കാര്യം സഹോദരന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞതോടെ പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ തിരക്കി. അപ്പോഴാണ് 10 വര്‍ഷത്തെ അവിശ്വസനീയകഥ യുവാവ് പറഞ്ഞത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയപ്പോഴും തന്റെ ഇഷ്ടപ്രകാരമാണ് മുറിയില്‍ താമസിച്ചതെന്നും യുവാവിനൊപ്പം ജീവിക്കാനാണ് തീരുമാനമെന്നും യുവതി അറിയിച്ചു.

യുവാവിന്റെയും യുവതിയുടെ കഥകള്‍ നാട്ടുകാരില്‍ ഒരുപാട് ചോദ്യമുയര്‍ത്തുന്നു. വളരെ പിന്നോക്ക മേഖലയാണ് കാരയ്ക്കാട്ടുപറമ്പ്. വലിയ സൗകര്യങ്ങള്‍ ഒന്നുമില്ല. ചെറിയ കാര്യങ്ങള്‍ക്കുപോലും പരസ്പരം ആശ്രയിക്കും. വീടുകള്‍ തമ്മില്‍ അധികം ദൂരമൊന്നുമില്ല. ഇത്രയും നീണ്ട കാലം യുവതിയെ ഒളിച്ചു താമസിപ്പിച്ചു എന്നതില്‍ ഇപ്പോഴും നാട്ടുകാര്‍ക്ക് വിശ്വാസമായിട്ടില്ല. അതേസമയം, മകളെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker