ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും ചില സംസ്ഥാനങ്ങള്‍ മൂന്നാം തരംഗത്തിന്റെ വക്കിലാണെന്നും കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്. രണ്ടാം തരംഗ ഭീഷണി പൂര്‍ണമായും വിട്ടുമാറിയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും, ക്ഷീണിച്ചത് നമ്മള്‍ മാത്രമാണ്, വൈറസിന്റെ ഊര്‍ജം ചോര്‍ന്നിട്ടില്ലെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
അതേസമയം ഓക്സിജന്‍ പ്രതിസന്ധിയില്‍ ആരും മരിച്ചിട്ടില്ലെന്ന കേന്ദ്രത്തിന്റെ അവകാശ വാദത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ കണക്കുകള്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഓക്സിജിന്‍ ലഭിക്കാതെ മരിച്ചവരുടെ വിവരം മൂന്നാഴ്ചക്കുള്ളില്‍ നല്‍കാനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ വിവരം ലഭിക്കുകയാണെങ്കില്‍ ഇത്തരത്തില്‍ മരണപ്പെട്ട കൊവിഡ് രോഗികളുടെ കണക്ക് വര്‍ഷകാല സമ്മേളനത്തിന് മുന്‍പ് കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും എന്നാണ് സൂചന.
രാജ്യത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. ഇന്നലെ 43,654 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 640 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 3,99,436 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. ഇന്നലെ 41,678 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,06,63,147 ആയി ഉയര്‍ന്നു.
ഇന്നലെ 640 പേര്‍ കൂടി മരിച്ചതോടെ, രാജ്യത്തെ ആകെ കൊവിഡ് മരണം 4,22,022 ആയിട്ടുണ്ട്. ഇതുവരെ രാജ്യത്ത് 44,61,56,659 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പതിനായിരത്തില്‍ താഴെ എത്തിയിരുന്നു. 29,689 പേര്‍ക്കാണ് തിങ്കളാഴ്ച കൊവിഡ് ബാധിച്ചത്. 132 ദിവസത്തിന് ശേഷമായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരത്തില്‍ താഴെ എത്തിയത്.