തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 മുതല്‍ 100 വരെയായി കുറച്ചു. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പൊതുചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. പോലീസ് ഇക്കാര്യം പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.
മാര്‍ക്കറ്റുകളിലും മാളുകളിലും പ്രവേശിക്കുന്നതിന് കര്‍ശ നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയും രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവരെയുമാണ് ഇനി പ്രവേശിപ്പിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസത്തിനുള്ളില്‍ രണ്ടരലക്ഷം പേര്‍ക്ക് പരിശോധന നടത്താന്‍ തീരുമാനമായി. രോഗവ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിലായിരിക്കും കൂടുതല്‍ പരിശോധന നടത്തുക. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്തവരെയും പരിശോധനയ്ക്ക് വിധേയരാക്കും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. വിവിധ വകുപ്പ് മന്ത്രിമാരും ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍മാരും ഉന്നതപൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
അതേസമയം കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് വാരാന്ത്യ കര്‍ഫ്യു പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് തീരുമാനം അറിയിച്ചത്. ഡല്‍ഹിയില്‍ മാള്‍, ജിം, സ്പാ, ഓഡിറ്റോറിയം എന്നിവ അടച്ചിടും. സിനിമ തീയറ്ററുകളില്‍ മുപ്പത് ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനത്തിന് അനുമതിയുള്ളു. റെസ്റ്റൊറന്റുകളില്‍ പാഴ്‌സല്‍ കൗണ്ടറുകള്‍ മാത്രമേ അനുവദിക്കു.
കര്‍ഫ്യു സമയത്ത് ഡല്‍ഹിയില്‍ വിവാഹചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് ഇ പാസ് നല്‍കും. ഒരു മുന്‍സിപ്പല്‍ സോണില്‍ ഒരു മാര്‍ക്കറ്റിന് മാത്രമായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുമതി. ഡല്‍ഹിയിലെ ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം കൂട്ടുന്നതിനുള്ള നടപടികള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം ആശങ്ക ഉയര്‍ത്തി രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,00,739 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,40,74,564 ആയി.
24 മണിക്കൂറിനിടെ 1,038 പേര്‍ രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണസംഖ്യ 1,73,123 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 13.65 ലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. മഹാരാഷ്ട്രയിലാണ് സ്ഥിതി അതിഗുരുതരമായി തുടരുന്നത്. ബുധനാഴ്ച സംസ്ഥാനത്ത് 60,000 ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.