മലപ്പുറം: കൊവിഡ് വ്യാപന ആശങ്കയില്‍ മലപ്പുറം. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഉണ്ടായ വന്‍ വര്‍ധനവാണ് ജില്ലയെ ആശങ്കയിലാഴ്ത്തുന്നത്. പ്രതിരോധത്തിന്റെ ഭാഗമായി ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ജില്ലാ ഭരണകൂടം ഒരുങ്ങുന്നത്.
അഞ്ചു ദിവസം കൊണ്ട് 8 ശതമാനം വര്‍ധനവാണ് ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കില്‍ ഉണ്ടായത്. 22 ശതമാനം ആയിരുന്നത് 30.01 ശതമാനമായി ഉയര്‍ന്നു. പരിശോധനക്ക് വിധേയമാകുന്ന 10 ല്‍ മൂന്ന് പേര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന ഗുരുതര സാഹചര്യത്തിലാണ് ജില്ല എത്തി നില്‍ക്കുന്നത്.
സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനമാണ് സ്ഥിതി വഷളാക്കിയത്. ഇന്നലെ രോഗബാധ സ്ഥിരീകരിച്ച 2455 പേരില്‍ 2344 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയില്‍ കൊവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23597 ആയി ഉയരുകയും ചെയ്തു. ജില്ലയില്‍ ആരില്‍ നിന്നും രോഗം പകരാവുന്ന സഹചര്യമാണെന്നും അതീവ ജാഗ്രത പുലര്‍ത്താനുമാണ് ജില്ലാ ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.
കൊണ്ടോട്ടി, മലപ്പുറം, വാഴക്കാട്, പൊന്നാനി മേഖലകളിലാണ് വ്യാപനം രൂക്ഷം. ജില്ലയില്‍ 23 ഇടങ്ങളില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. മറ്റിടങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുതാനാണ് ജില്ലാ ഭരണകൂടം ഒരുങ്ങുന്നത്. അടുത്ത ദിവസം ചേരുന്ന സര്‍വ കക്ഷി യോഗ ശേഷം ഈ കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകും.