തിരുവനന്തപുരം: സംസ്ഥാനത്തു പ്രതിദിന കോവിഡ് രോഗബാധ 50,000 കടക്കുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍. മൂന്നാഴ്ചയ്ക്കുള്ളില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തും. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 891 ആയി ഉയര്‍ന്നു. കോവിഡ് വന്നവരില്‍ വീണ്ടും വരുന്നവരുടെ നിരക്കുമുയരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രികളില്‍ കിടക്കകള്‍ കിട്ടാനില്ല. ആന്റിജന്‍ പരിശോധനകള്‍ കൂട്ടാനും ആര്‍ടിപിസിആര്‍ കുറയ്ക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് കോവിഡ് പിടിവിട്ട് കുതിക്കുകയാണ്. തിരുവനന്തപുരത്തും എറണാകുളത്തും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 കടന്നു. 15നു ദുരന്തനിവാരണ വകുപ്പ് നല്‍കിയ പ്രൊജക്‌ഷന്‍ റിപ്പോര്‍ട്ടില്‍ 27–ാം തീയതിയോടെ പ്രതിദിന രോഗബാധ 37,000 കടക്കുമെന്ന മുന്നറിയിപ്പാണുള്ളത്. ഫെബ്രുവരി രണ്ടാംവാരത്തോടെ കണക്കുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തും. 100 പേരെ പരിശോധിച്ചാല്‍ 75 പേര്‍വരെ പോസിറ്റീവായേക്കാമെന്നാണു നിഗമനം.
ആകെ രോഗബാധിതരുടെ എണ്ണം ഉയരുന്നതിനനുസരിച്ചു ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും ഉയരും. മാര്‍ച്ച് മാസത്തോടെ രോഗബാധ കുറഞ്ഞു തുടങ്ങും. കണക്കുകള്‍ ഇതിലും ഉയരുമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. പുതിയ പ്രൊജക്‌ഷന്‍ റിപ്പോര്‍ട്ട് ഇന്നു ലഭിക്കും. ഐസിയുകളില്‍ 722 പേരും വെന്റിലേറ്റര്‍ സഹായത്തോടെ 169 പേരും ചികിത്സയിലുണ്ട്. വലിയതോതില്‍ കോവിഡ് ഇതര രോഗികളും ചികിത്സയിലുള്ളതിനാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് കിടക്കകള്‍ കിട്ടാനില്ല.
ആശുപത്രികളിലെത്തുന്നവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയാല്‍ മതിയെന്നാണു പുതിയ നിര്‍ദേശം. അതും ലക്ഷണങ്ങളുണ്ടെങ്കില്‍മാത്രം. ലാബുകളില്‍ ജീവനക്കാരുടെ കുറവുമൂലം ആര്‍ടിപിസിആര്‍ കുറയ്ക്കാനാണു നിര്‍ദേശം. ശസ്ത്രക്രിയകള്‍ക്കും മറ്റുമെത്തുന്ന രോഗികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയിലൂടെ രോഗമില്ലെന്ന് ഉറപ്പാക്കിയില്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപനം കൂടുമെന്ന് ആക്ഷേപമുണ്ട്.
സംസ്ഥാനത്തെ കൊവിഡ് വ്യാപനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൊവിഡ് ക്ലസ്റ്ററുകൾ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.
അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ
ഓൺലൈനായി പങ്കെടുക്കും.
രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നത് സർക്കാർ പരിഗണനയിലുണ്ട്.കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ നാളത്തെ അവലോകന യോഗത്തിലായിരിക്കും തീരുമാനമുണ്ടാകുക. നാളെ വൈകീട്ട് അഞ്ചിന് ചേരുന്ന അവലോകന യോഗത്തിലും മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും.
അതേസമയം സമ്പൂർണ ലോക്ഡൗൺ ഉണ്ടായേക്കില്ല.സർക്കാർ ഓഫീസുകളിൽ വർക്ക് ഫ്രം ഹോം നടപ്പിലാക്കിയേക്കും.
പൊതുസ്ഥലങ്ങളിൽ കൂട്ടം ചേരുന്നതിന് കർശന നിയന്ത്രണം കൊണ്ടുവന്നേക്കും.കോളജുകൾ അടയ്ക്കാനും സാധ്യതയുണ്ട്.