അഹമ്മദാബാദ്:കുഞ്ഞിനെ വേണമെന്ന് ഭാര്യ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടർന്ന് ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ ബീജമെടുപ്പിന് വിധേയനായ കോവിഡ് രോഗി മരിച്ചു.
ഭാര്യയുടെ ആവശ്യപ്രകാരം ഭാവിയിൽ കൃത്രിമഗർഭധാരണത്തിനായാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ബീജം ശേഖരിച്ചത്. അടുത്തദിവസംതന്നെ ഇദ്ദേഹം മരണമടഞ്ഞു. വഡോദര സ്റ്റെർലിങ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 32-കാരനാണ് കഴിഞ്ഞദിവസം മരിച്ചത്. ന്യുമോണിയ രൂക്ഷമായി അവയവങ്ങൾ തകരാറിലായതിനാൽ വെന്റിലേറ്ററിലായിരുന്നു.
കൃത്രിമഗർഭധാരണത്തിനായി ബീജം ശേഖരിക്കണമെന്ന ഭാര്യയുടെ ആവശ്യം ആശുപത്രി അധികൃതർ അംഗീകരിച്ചിരുന്നില്ല. അബോധാവസ്ഥയിലുള്ള രോഗിയുടെ അനുമതി വേണമെന്നതായിരുന്നു തടസ്സം. ഇതിനെത്തുടർന്നാണ് ഹൈക്കോടതിയിൽ പരാതി നൽകിയത്. കോടതി അനുമതിയോടെ ബുധനാഴ്ചയാണ് ആശുപത്രിയിൽ ബീജം ശേഖരിച്ചത്. ഇത് വഡോദരയിലെ ഒരു ഐ.വി.എഫ്. ലാബിൽ സൂക്ഷിച്ചിരിക്കയാണ്.
കാനഡയിൽ താമസിക്കുകയായിരുന്ന യുവദമ്പതിമാർ 2020 ഒക്ടോബറിലാണ് വിവാഹിതരായത്. യുവാവിന്റെ ഹൃദ്രോഗിയായ അച്ഛനെ കാണുന്നതിനായി കഴിഞ്ഞ മാർച്ചിലാണ് വഡോദരയിലെത്തിയത്. മേയ് മാസത്തിൽ കോവിഡ് പിടിപെട്ട യുവാവ് അതിനുശേഷം പല ആശുപത്രികളിലും ചികിത്സയിലായിരുന്നു.