ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നു.മരണ നിരക്ക് വര്‍ദ്ധിച്ചതിന് പിന്നാലെ കൂടുതല്‍ പ്രതിരോധ നടപടികളുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് ആശുപത്രികള്‍ ത്വരിതഗതിയില്‍ യാഥാര്‍ത്ഥ്യമാക്കും.17 സംസ്ഥാനങ്ങള്‍ നടപടികള്‍ ഇതിനകം തുടങ്ങി കഴിഞ്ഞു. 194 പുതിയ കേസുകള്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു.
സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയ കേന്ദ്ര മന്ത്രിമാരുമായി അമിത് ഷാ സംസാരിച്ചു. പ്രധാനമന്ത്രിയും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ സംഭാവനകള്‍ എത്തി തുടങ്ങി. ബിസിസിഐ 51 കോടി രൂപ സംഭാവന നല്‍കി. ടാറ്റാ ഗ്രൂപ്പ് ഇന്നലെ 1500 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു.
ലോകത്ത് കൊവിഡ് മരണം 30,800 കടന്നു. രോഗബാധിതരുടെ എണ്ണം ആറ് ലക്ഷത്തി അറുപത്തിരണ്ടായിരത്തിലേറെയായി. ഇന്നലെ മാത്രം മൂവായിരത്തി അഞ്ഞൂറോളം പേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ഇറ്റലിയില്‍ മരണം 10,000 കടന്നു. ഒറ്റ ദിവസത്തിനിടെ മരിച്ചത് 889 പേര്‍ ആണ്. അമേരിക്കയില്‍ അതിവേഗം രോഗം പടരുകയാണ്. ഇന്നലെ മാത്രം പത്തൊന്പതിനായിരത്തിലേറെ പേര്‍ രോഗികളായി. രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തി ഇരുപത്തിമൂവായിരത്തിലേറെ വരും. മരണം 2200 കടന്നു.
സ്‌പെയിനില്‍ ഇന്നലെ മരിച്ചത് 844 പേര്‍. ആകെ മരണം ആറായിരത്തിനടുത്തെത്തി. ജര്‍മ്മനിയില്‍ ഇന്നലെ 6824പേര്‍ രോഗികളായി. ഫ്രാന്‍സില്‍ 2300ലേറെ പേരും ഇറാനില്‍ രണ്ടായിരത്തി അഞ്ഞൂറിലേറെ പേരും മരിച്ചു. ബ്രിട്ടനില്‍ മരണം 1019 ആയി. രോഗബാധിതര്‍ 17,000 കടന്നു. ബ്രിട്ടന്റെ സ്‌കോട്ടിഷ് സെക്രട്ടറി അലിസ്റ്റര്‍ ജാക്ക് കൊവിഡുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്.