കത്തിപ്പടര്‍ന്ന് കൊവിഡ്,യൂറോപ്പില്‍ മരണം 20000 കടന്നു,ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി മുപ്പതിനായിരത്തിലേറെ ആളുകളാണ് ഇതുവരെ മരിച്ചത്. യൂറോപ്പില്‍ 20,000 ലേറെ ആളുകളുടെ ജീവനാണ് കൊവിഡ് എടുത്തത്. ഇറ്റലിയിലും സ്‌പെയിനിലും കൂട്ട മരണങ്ങള്‍ തുടരുകയാണ്. സ്പെയിനില്‍ 5800 പേരാണ് മരിച്ചത്. ഇറ്റലിയില്‍ മരണ സംഖ്യ പതിനായിരം കടന്നു. ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും രോഗം സ്ഥിരീകരിച്ചു. ഇവിടെ 1019 പേരാണ് മരിച്ചത്.

പന്ത്രണ്ടു പേര്‍ മരിച്ച പാകിസ്ഥാനില്‍ രോഗികളുടെ എണ്ണം 1400 കടന്നു. അയര്‍ലന്‍ഡും വിയറ്റ്‌നാമും സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയില്‍ വിലക്ക് ലംഘിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് റബ്ബര്‍ബുള്ളറ്റ് പ്രയോഗിച്ചു. ഒരു ലക്ഷത്തിലേറെ രോഗികളുള്ള അമേരിക്കയില്‍ മരണം 1700 കടന്നു. ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തിര സാമ്പത്തിക പാക്കേജിന് ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയിരിക്കുകയാണ്.

പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പിട്ടതോടെ 2 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് നിലവില്‍ വന്നു. തൊഴിലില്ലായ്മ കുറയ്ക്കുക , പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കുക , ആരോഗ്യ മേഖല ശക്തമാക്കുക എന്നിവയാണ് പാക്കേജിന്റെ ലക്ഷ്യങ്ങള്‍. അഞ്ച് മിനിറ്റിനകം കോവിഡ് സ്ഥിരീകരിക്കാനാകുന്ന തരത്തില്‍ സ്വകാര്യ കമ്പനി വികസിപ്പിച്ച് പരിശോധനയ്ക്ക് അമേരിക്ക അനുമതി നല്‍കി.

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നുവെന്ന് അന്താരാഷ്ട്ര നാണയ നിധി വിലയിരുത്തി. 74 രാജ്യങ്ങളിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. എണ്‍പതിലേറെ രാജ്യങ്ങള്‍ സാമ്പത്തിക സഹായത്തിനായി സമീപിച്ചിട്ടുണ്ടെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു. 2009ലെ മാന്ദ്യത്തേക്കാള്‍ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 74 രാജ്യങ്ങളിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികള്‍ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News