മുംബൈ: ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ താനെയില്‍ എത്തിയയാള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഒമിക്രോണ്‍ വകഭേദത്തില്‍ ഉള്‍പ്പെട്ട വൈറസാണോ ഇയാള്‍ക്ക് പിടിപെട്ടതെന്ന് പരിശോധിക്കും. നിലവില്‍ രോഗി നിരീക്ഷണത്തിലാണ്.
ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടിരുന്നു.
പുതിയ സാഹചര്യം നേരിടാന്‍ എന്ത് നടപടികള്‍ വേണമെന്ന് ആലോചിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഇന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം വിളിച്ചിട്ടുണ്ട്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഒമിക്രോണ്‍ വകഭേദത്തെ നേരിടാന്‍ നടപടികള്‍ ആലോചിക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഉള്‍പ്പടെ പരിഗണനയിലുണ്ട്.