ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു.വ്യാവസായിക തലസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇന്നലെ ആകെ രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. ഇന്നലെമാത്രം 3,493 പേര്‍ക്കാണു സംസ്ഥാനത്തു പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 127 പേര്‍ മരിച്ചതോടെ ആകെ മരണം 3717 ആയി. മഹാനഗരമായ മുംബൈയില്‍ ഇന്നലെ 90 പേര്‍ മരിച്ചപ്പോള്‍ പുതിയ പോസിറ്റീവ് കേസുകള്‍ 1,366. മഹാരാഷ്ട്രയില്‍ മൂന്നു മന്ത്രിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണമോ മരണനിരക്കോ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്ല എന്നുകൂടിയറിയുമ്പോള്‍ സംസ്ഥാനം നേരിടുന്ന ആശങ്കാജനകമായ സ്ഥിതിയുടെ ഭീകരത വര്‍ദ്ധിയ്ക്കുന്നു.
രണ്ടുദിവസം മുമ്പ് നടന്ന മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തതിനു പിന്നാലെയാണു ധനഞ്ജയ് മുണ്ടെ കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചത്. ഉപമുഖ്യമന്ത്രി അജിത് പവാര്‍, ആരോഗ്യമന്ത്രി രാജേഷ് തോപെ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ യോഗത്തില്‍ സംബന്ധിച്ചെങ്കിലും ആരും ക്വാറന്റൈനില്‍ പോകേണ്ടെന്നാണു തീരുമാനം. സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചുമാണു യോഗം നടന്നതെന്ന വാദമുയര്‍ത്തിയാണ് ഈ നീക്കം.ദിവസങ്ങള്‍ക്കു മുമ്പ് മന്ത്രിമാരായ അശോക് ചവാനും ജിതേന്ദ്ര അവധിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ആശുപത്രിയില്‍ ചികിത്സ തേടിയ ഇരുവരും കഴിഞ്ഞദിവസം രോഗമുക്തരായി. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷം. സ്ഥിതിഗതികള്‍ വിലയിരുത്താനും ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച വിശകലനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈമാസം 16, 17 തീയതികളില്‍ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തും.
രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള തമിഴ്നാട്ടില്‍ ഇന്നലെ 1875 പുതിയ കേസുകള്‍. ഇന്നലെ മരണം: 23, ആകെ മരണസംഖ്യ 349.ആകെ രോഗികള്‍ 38,716,ഡല്‍ഹിയില്‍ ഒരുദിവസം കോവിഡ് പോസിറ്റീവായ രോഗികളുടെ എണ്ണത്തില്‍ റെക്കോഡ്. ഇന്നലെ രോഗബാധിതരായത് 2,137 പേര്‍. ആകെ രോഗികള്‍ 34,687. ഇന്നലെ മാത്രം മരണം 101 (ആകെ 1085) ഗുജറാത്തില്‍ ഇന്നലെ മരണം 38, ആകെ മരണസംഖ്യ 1416, രോഗികള്‍ 22,562 യു.പി: 478 പുതിയ കേസ്, ഇന്നലെ മരണം 24(ആകെ 345) രാജസ്ഥാന്‍: 238 പോസിറ്റീവ് കേസ്‌കൂടി, ആകെ മരണം : 265.