KeralaNews

രാജ്യത്തെ 89 ശതമാനം കൊവിഡ് കേസുകളും കേരളത്തിലെന്ന് കണക്ക്; ജെഎൻ1 ആശങ്കയുണർത്തുന്നത്, ജാഗ്രത വേണമെന്ന് വിദഗ്ധർ

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് വീണ്ടും ആശങ്കയാകുന്നു. ആരോഗ്യ മന്ത്രാലത്തിന്‍റെ കണക്ക് പ്രകാരം ഇന്നലെ മാത്രം സംസ്ഥാനത്ത് 199 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ആകെയുള്ള ആക്ടീവ് കേസുകൾ 1701 ആണെന്നാണ് മന്ത്രാലത്തിന്റെ കണക്ക്. ഇതിൽ 1523ഉം കേരളത്തിലാണ്, അതായത് 89.5 ശതമാനം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പരിശോധന കൂടുതലായത് കൊണ്ടാണ് ഉയർന്ന കണക്കെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

നവംബർ മുതൽ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന കൂട്ടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നല്‍കിയത്. ലോകത്ത് നിലവിൽ കൂടുതൽ പടരുന്ന കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ജെഎൻ 1 കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കേരളത്തിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സംഭവത്തിൽ സാമ്പിൾ ജനിതക ശ്രേണി പരിശോധനക്ക് അയക്കാൻ‌ തീരുമാനിച്ചിട്ടുണ്ട്.

നവംബർ 18 നാണ് തിരുവനന്തപുരം സ്വദേശിയുടെ സാമ്പിൾ പരിശോധനക്ക് എടുത്തത്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. വ്യാപന ശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ലോകത്ത് പടർന്ന് പിടിക്കുന്ന ഒമിക്രോൺ ഉപവകഭേദമാണ് ഇത്. വ്യാപന ശേഷി കൂടുതലാണ് എന്നുള്ളതാണ് ഈ വകഭേദത്തെ അപകടകാരിയാക്കുന്നത്.

ഒമിക്രോണിന്‍റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണിത്. കേസുകൾ കുറഞ്ഞതോടെ രാജ്യത്ത് കൊവിഡ് വൈറസുകളുടെ ജനിതക വ്യതിയാനം പരിശോധിക്കുന്നതും കുറഞ്ഞിരുന്നു. ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ ഏറിയ പങ്കും ജെഎൻ 1 വകഭേദം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെയാണ് സംസഥാനത്തും ഈ വകഭേദം കണ്ടെത്തിയിട്ടുള്ളത്.മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സാമ്പിളുകളുടെ ഫലം വരുന്നതേയുള്ളൂ. നേരത്തെ ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലെത്തിയ യാത്രക്കാരനിൽ ജെഎൻ 1 കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ കൂടുതലായും റിപ്പോർട്ട് ചെയ്തിരുന്ന എക്സ് ബി ബി വകഭേദത്തെ അപേക്ഷിച്ച് ജെഎൻ ഒന്നിന് വ്യാപനശേഷി കൂടുതലാണ്. വാക്സീസിനിലൂടെയോ, ഒരിക്കൽ രോഗം വന്നത് കൊണ്ടോ ആർജ്ജിച്ചെടുത്ത പ്രതിരോധശേഷിയെ ജെഎൻ1 മറികടക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button