ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് കേസുകളിൽ വർധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,213 കോവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാൾ 38.4 ശതമാനം വർധനയാണ് കോവിഡ് കേസുകളിൽ ഉണ്ടായിരിക്കുന്നത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 3 കോവിഡ് മരണവും മഹാരാഷ്ട്രയിൽ രണ്ട്, കർണാടക , തമിഴ്നാട്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഓരോ കോവിഡ് മരണങ്ങൾ വീതവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3488 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം 8,822 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരിയ്ക്ക് ശേഷം ഇതാദ്യമായാണ് രാജ്യത്ത് പതിനായിരവും കടന്ന് പ്രതിദിന കോവിഡ് കേസുകൾ കുതിക്കുന്നത്. നിലവിൽ 53,637 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ആകെ കോവിഡ് കേസുകളിൽ 0.13 ശതമാനമാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,624 പേരാണ് കോവിഡ് മുക്തരായത്. ഇതോടെ രാജ്യത്ത് 4,26,74,712 പേർ രോഗമുക്തി നേടി.
2.35 ശതമാനമാണ് നിലവിൽ പ്രതിവാര കോവിഡ് പോസിറ്റീവ് റേറ്റ്. 2.38ൽ നിന്നാണ് പ്രതിവാര കോവിഡ് പോസിറ്റീവ് റേറ്റ് 2.35 ശതമാനത്തിലെത്തിയത്. അതേസമയം, രോഗമുക്തി നിരക്ക് 98.65 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 195.67 കോടി വാക്സിൻ ഡോസുകൾ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.