27.1 C
Kottayam
Saturday, May 4, 2024

രാജ്യത്ത് സ്ഥിരീകരിക്കുന്ന പുതിയ കൊവിഡ് കേസുകളില്‍ 41 ശതമാനവും കേരളത്തില്‍

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കൂടി വരുകയാണ്. രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ 41 ശതമാനവും കേരളത്തില്‍ നിന്നാണ്. കൊവിഡ് രോഗികളുടെ എണ്ണത്തിലും ജനസംഖ്യയിലും കേരളത്തേക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ പോലും ഇപ്പോള്‍ പ്രതിദിന കേസുകളുടെ എണ്ണം സംസ്ഥാനത്തെ അപേക്ഷിച്ച് കുറവാണ്.

രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായില്‍ കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 42,464 (മെയ് 6) വരെ എത്തിയിരുന്നു. ശക്തമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഫലമായി ഇത് ക്രമേണ കുറഞ്ഞ് മൂന്നാം വാരത്തോടെ പതിനായിരത്തിനടുത്തേക്ക് താഴ്‌ന്നെങ്കിലും ജൂലൈ ആദ്യവാരത്തോടെ വീണ്ടും കൂടുന്നതായാണ് കണ്ടത്.

ജൂണ്‍ മൂന്നാം വാരത്തോടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിരുന്നു. ഇവിടെ മുതല്‍ പ്രതിദിന പുതിയ കേസുകളുടെ എണ്ണം അതാത് ദിവസം രോഗം ഭേദമാകുന്നവരേക്കാള്‍ കൂടുതലായി തുടരുന്നു. രോഗ വ്യാപനത്തിനുശേഷം 2021 ജൂണിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്നത്, 4450 പേര്‍. 2021 ഏപ്രില്‍ വരെ പ്രതിമാസ മരണസംഖ്യ ആയിരം കടന്നിരുന്നില്ല. ഈ മാസം ഇതുവരെ 2800 മരണങ്ങള്‍ നടന്നു, മൊത്തം മരണസംഖ്യ 16,000 കടന്നു.

രാജ്യത്ത് സെപ്റ്റംബര്‍ മാസത്തോടെ മൂന്നാം തരംഗമെത്താമെന്നാണ് വിദഗ്ദ്ധര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. എന്നാല്‍ സംസ്ഥാനത്ത് ഇതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഓണക്കാലം തുടങ്ങാന്‍ മൂന്നാഴ്ച മാത്രം ശേഷിച്ചിരിക്കെ ദിനം പ്രതിയുള്ള പുതിയ കേസുകള്‍ കൂടുന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മൂന്നു ജില്ലകളില്‍ രണ്ടായിരത്തിനു മുകളിലും നാല് ജില്ലകളില്‍ ആയിരത്തിനു മുകളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊവിഡ് പെരുമാറ്റ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ച് സാമൂഹ്യ പ്രതിരോധശേഷി അവശ്യമായ തോതില്‍ കൈവരിക്കാന്‍ കഴിഞ്ഞാല്‍ മൂന്നാം തരംഗം ഉണ്ടാവണമെന്നില്ല എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. മൂന്നാം തരംഗം സ്വാഭാവികമായി ഉണ്ടാവുകയല്ല ചെയ്യുന്നത്, കൊവിഡ് നിയന്ത്രണത്തിലുള്ള പാളിച്ചകളിലൂടെയും വാക്‌സിന്‍ വിതരണത്തിലെ വീഴ്ചകളിലൂടെയും ഉണ്ടാക്കപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഈ ഘട്ടത്തില്‍ അതിവേഗം വാക്‌സിനേഷന്‍ ഒരു ഡോസെങ്കിലും എല്ലാവര്‍ക്കും നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week