ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞ് വരുന്നത് താത്കാലികം മാത്രമാണെന്ന് വിദഗ്ദർ. ശൈത്യകാലത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകാമെന്നാണ് മുന്നറിയിപ്പ്. ശൈത്യകാലത്ത് കോവിഡ് വ്യാപനം രൂക്ഷമായേക്കാം. ഒട്ടുമിക്ക വൈറസുകളും ശ്വാസകോശത്തെ ആക്രമിക്കുന്നത് ഈ സമയത്താണ്. രാജ്യത്ത് രണ്ടാമത്തെ കോവിഡ് തരംഗം തളളിക്കളയാന്‍ സാധിക്കില്ലെന്നും മുന്നറിയിപ്പുണ്ട്. ചിലപ്പോള്‍ ആദ്യത്തെ കോവിഡ് വ്യാപനത്തെക്കാള്‍ കൂടുതല്‍ മാരകമാകാം രണ്ടാമത്തെ തരംഗമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞദിവസം ഉത്സവസീസണ്‍ കണക്കിലെടുത്ത് കോവിഡ് മാനദണ്ഡങ്ങളില്‍ അലംഭാവം കാണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് മഹാമാരി പാരമ്യത്തില്‍ എത്തിയതായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം അറിയിച്ചിരുന്നു. വൈറസിന്റെ സ്വഭാവത്തിലുളള മാറ്റമാണ് ഏറെ ഗൗരവത്തോടെ കാണേണ്ടതെന്ന് അണുബാധ വിദഗ്ധന്‍ ഡോ ആരതി സച്ച്‌ദേവ പറയുന്നു. അതിനാല്‍ മാസ്‌ക് ധരിക്കുന്നത് അടക്കം കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും ആരതി സച്ച്‌ദേവ വ്യക്തമാക്കി.